മുൻകരുതൽ; അമേരിക്കയിൽ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആടുകളെ മാസ്ക് ധരിപ്പിച്ച് ഉടമ

By Web TeamFirst Published Apr 9, 2020, 4:14 PM IST
Highlights

അമേരിക്കയിൽ രോ​ഗം സ്ഥിരീകരിച്ചതിന് പിന്നിലെ കേന്ദ്ര വനം വന്യജീവി മന്ത്രാലയം രാജ്യത്തെ മുഴുവൻ മൃ​ഗശാലകളിലേയും ജീവികളെ സൂഷ്മമായി നിരീക്ഷിക്കാൻ ഉത്തരവിട്ടിരുന്നു. 

ഹൈദരാബാദ്: ന്യൂയോർക്കിലെ ബ്രോങ്ക്സ് മൃഗശാലയിൽ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യയിലെ മൃഗശാലകൾക്കും ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ഈ അവസരത്തിൽ തന്റെ അടുകളെ മാസ്ക് ധരിപ്പിച്ചിരിക്കുകയാണ് തെലങ്കാനയിലെ ഒരു ഉടമ. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ കല്ലൂർ മണ്ഡൽ സ്വദേശിയായ വെങ്കിടേശ്വര റാവു എന്നയാളാണ് കൊവിഡിൽ നിന്ന് ആടുകളെ രക്ഷിക്കാൻ മാസ്ക് ധരിപ്പിച്ചത്.

"എനിക്ക് 20 ആടുകളുണ്ട്. കൃഷിക്കായി ഭൂമിയില്ലാത്തതിനാൽ ഞാനും കുടുംബവും അവയെയാണ് പൂർണ്ണമായും ആശ്രയിച്ചിരിക്കുന്നത്. കൊറോണ വൈറസിനെക്കുറിച്ച് കേട്ട ശേഷം, ഞാൻ പുറത്തേക്കിറങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കുന്നുണ്ട്" വെങ്കിടേശ്വര റാവു പറയുന്നു.  പിന്നാലെ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതറിഞ്ഞതോടെ തന്റെ ആടുകളെയും മാസ്ക് ധരിപ്പിക്കുകയായിരുന്നുവെന്ന് റാവു കൂട്ടിച്ചേർത്തു.

മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് നാല് വയസ്സുകാരിയായ നാദിയ എന്ന പെൺ കടുവയ്ക്ക് കൊവിഡ് പിടിപെട്ടെന്ന വാർത്തകൾ പുറത്തുവന്നത്. മൃഗശാലയിലെ ജീവനക്കാരനിൽ നിന്നാണ് കടുവയ്ക്ക് രോഗബാധയുണ്ടായത് എന്ന് മൃഗശാല അധികൃതർ പറഞ്ഞിരുന്നു. കൊവിഡ് ഭീഷണിയെ തുടർന്ന് മാർച്ച് 16ന് മൃഗശാല അടച്ചിരുന്നു. അതിന് മുൻപ് കൊവിഡ് ലക്ഷണങ്ങൾ പ്രകടമാകാതിരുന്ന ഒരു മൃഗശാല ജീവനക്കാരൻ കടുവകളെയും സിംഹങ്ങളെയും പരിചരിച്ചിരുന്നു. 

നേരത്തെ ഹോങ്കോങ്ങിൽ രണ്ട് വളർത്തു നായകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൃഗങ്ങളിലേക്ക് രോഗം പകരാൻ സാധ്യതയുള്ളതിനാൽ കൊവിഡ് രോഗികൾ വളർത്തു മൃഗങ്ങളിൽ നിന്നും അകലം പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. അമേരിക്കയിൽ രോ​ഗം സ്ഥിരീകരിച്ചതിന് പിന്നിലെ കേന്ദ്ര വനം വന്യജീവി മന്ത്രാലയം രാജ്യത്തെ മുഴുവൻ മൃ​ഗശാലകളിലേയും ജീവികളെ സൂഷ്മമായി നിരീക്ഷിക്കാൻ ഉത്തരവിട്ടിരുന്നു. 

click me!