
പട്ന: ബലാത്സംഗ ശ്രമത്തിൽ നിന്നും രക്ഷപെട്ട മകളെ ദുരഭിമാനത്തിന്റെ പേരിൽ വെടിവച്ച് കൊല്ലാൻ ശ്രമിച്ച് പിതാവ്. ബിഹാറിലെ സസാറാമിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ചയാണ് അഞ്ച് പേർ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ മുതിർന്നത്. എന്നാൽ പെൺകുട്ടി പീഡനശ്രമത്തിൽ നിന്ന് രക്ഷപ്പെടുകയും ഈ സംഭവം പ്രദേശത്ത് ചെറിയ തോതിലുള്ള വർഗീയ പ്രശ്നങ്ങൾക്ക് കാരണമായിത്തീരുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മാനഹാനി ഭയന്ന് പെൺകുട്ടിയെ പിതാവും രണ്ട് സുഹൃത്തുക്കളും ചേർന്ന് കൊന്നുകളയാൻ തീരുമാനിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.
വീടിനുള്ളിൽ വച്ചാണ് പെൺകുട്ടിക്ക് വെടിയേറ്റത്. നേരത്തെ അക്രമിക്കാൻ ശ്രമിച്ച ആളുകൾ മാധ്യമപ്രവർത്തകര്‍ എന്ന വ്യാജേന വീട്ടിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പിതാവ് പൊലീസിൽ മൊഴി നൽകിയത്. എന്നാൽ ഇതിൽ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി. സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ പിതാവിന്റെ മൊഴിയിൽ അസ്വാഭാവികത തോന്നിയിരുന്നു. അതിനാൽ അയാളുടെ മൊബൈൽ ഫോൺ നിരീക്ഷിക്കാൻ തീരുമാനിച്ചു. സുഹൃത്തുക്കളുമായുള്ള ഫോൺ സംഭാഷണത്തെ തുടർന്നാണ് പിതാവ് തന്നെയാണ് മകളെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു.
പീഡന വാർത്ത പുറത്തറിഞ്ഞാലുള്ള മാനഹാനി ഭയന്നാണ് ഇയാൾ മകളെ ഇല്ലാതാക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കഴുത്തിന് വെടിയേറ്റ യുവതി ചികിത്സയിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവിനെയും ഇയാള്‍ക്ക് ആയുധം നൽകിയ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അഞ്ച് പേരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam