
ദില്ലി: ചാർജിംഗ് കേബിളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 36കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ വലിയ വഴിത്തിരിവ്. ബന്ധുവായ 25കാരനുമായി ഉണ്ടായിരുന്ന അവിഹിത ബന്ധത്തിനൊടുവിലാണ് 36കാരനായ യുവാവ് കൊല്ലപ്പെട്ടത്. ദില്ലിയിലെ ഉത്തംനഗറിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കരൺ ദേവ് എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കരണിന്റെ ഭാര്യ സുഷ്മിത എന്ന 35കാരിയും ബന്ധുവായ രാഹുൽ എന്ന 25കാരനുമാണ് കുടുങ്ങിയത്. ദില്ലിയിലെ കോൾ സെന്ററിലെ നൈറ്റ് ഡ്യൂട്ടി ജീവനക്കാരനായിരുന്നു കരൺ ദേവ്. ഏതാനും മാസങ്ങളായി ഉത്തംനഗറിലെ വീട്ടിൽ സുഷ്മിതയെ എല്ലാ ദിവസവും രാഹുൽ കാണാനെത്തിയിരുന്നു. അയൽവാസികൾക്ക് തുടക്കത്തിൽ അസ്വഭാവികത തോന്നിയെങ്കിലും യുവതിയുടെ ബന്ധുവായിരുന്നു യുവാവ് എന്ന നിലയിൽ സംശയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോവുകയായിരുന്നു. ജൂലൈ 13നാണ് കരൺ ദേവിന് ചാർജിംഗ് കേബിളിൽ നിന്ന് ഷോക്കേറ്റതായി സുഷ്മിത ബന്ധുക്കളെ അറിയിച്ചത്. ആശുപത്രിയിലെത്തിക്കാൻ സഹായം തേടി കരണിന്റെ സഹോദരനെയാണ് യുവതി വിളിച്ചത്.
രാഹുലും കരണിന്റെ സഹോദരൻ കുനാൽ ദേവും ചേർന്നാണ് 36കാരനെ ആശുപത്രിയിലെത്തിച്ചത്. എങ്കിലും 36കാരന്റെ ജീവൻ രക്ഷിക്കാനായില്ല. ഫോൺ ചാർജ്ജറിൽ നിന്ന് എങ്ങനെ വൈദ്യുതാഘാതമേൽക്കുമെന്ന സംശയങ്ങൾ കുനാലിന് തോന്നുന്നതിനിടയിലാണ് സഹോദരന്റെ ശരീരത്തിലെ പരിക്കിനേ കുറിച്ചും വായിൽ നിന്ന് നുരയും പതയും വന്നതിനേക്കുറിച്ചും ഡോക്ടർമാർ ചില സംശയങ്ങൾ സഹോദരനോട് പറഞ്ഞത്. ഇതിന് പിന്നാലെ കുനാൽ സഹോദരനെ പോസ്റ്റ്‍മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭാര്യ എതിർക്കുകയായിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന് കരൺ വിശദമാക്കിയെന്നായിരുന്നു സുഷ്മിത കുടുംബത്തെ ധരിപ്പിച്ചത്. ഇതോടെ ആവശ്യം കുടുംബവും അംഗീകരിച്ചു. എന്നാൽ ആശുപത്രിയിലേക്ക് പോകാനുള്ള തെരക്കിനിടെ കുനാൽ രാഹുലിന്റെ ഫോൺ അബദ്ധത്തിൽ എടുക്കുകയും ഈ ഫോൺ തുറക്കുകയും ചെയ്തതോടെയാണ് നടന്നത് കണ്ണില്ലാത്ത ക്രൂരതയാണെന്ന് വ്യക്തമായത്.
രാഹുലിന്റെ ഇൻസ്റ്റഗ്രാം ചാറ്റിൽ നിന്നാണ് സഹോദരന്റെ ഭാര്യയും ബന്ധും തമ്മിൽ ഏറെക്കാലമായുള്ള അവിഹിത ബന്ധം പുറത്തായത്. പന്ത്രണ്ടിലേറെ ഉറക്കുഗുളികകൾ കൊടുത്ത് മയക്കിയ കരണിനെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്താൻ രാഹുൽ സുഷ്മിതയോടെ ആവശ്യപ്പെടുന്ന ചാറ്റ് കൂടി കണ്ടതോടെയാണ് സഹോദരന്റെ കൊന്നത് ഭാര്യ തന്നെയാണെന്ന് കുനാലിന് ബോധ്യമായത്. രാത്രി മുഴുവൻ ഉറക്കുഗുളിക കഴിച്ച് മയക്കത്തിലായ ഭർത്താവ് മരിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് യുവതി കാവലിരുന്നതും ഒടുവിൽ പുലർച്ചയോടെ രാഹുലെത്തി വൈദ്യുതാഘാതമേൽപ്പിച്ച് മരണം ഉറപ്പാക്കുന്നതുമടക്കമുള്ള വിവരങ്ങളും ചാറ്റിൽ നിന്ന് വ്യക്തമായതോടെ കുനാൽ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കരണിന്റെ മരണത്തിൽ കൊലപാതകത്തിനും ഗുഡാലോചനയ്ക്ക് കേസെടുക്കുന്നത്. കരണിന്റെ മോശം പെരുമാറ്റം മൂലം മനം മടുത്ത് ഒന്നര വർഷം മുൻപാണ് ബന്ധുവുമായി വഴി വിട്ട ബന്ധമാരംഭിച്ചതെന്നാണ് സുഷ്മിത പൊലീസിനോട് വിശദമാക്കുന്നത്. മൂന്ന് മാസം മുൻപ് മുതലാണ് കരണിന്റെ കൊലപാതകം കമിതാക്കൾ പദ്ധതിയിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam