
ഹൈദരാബാദ്: കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനിടെ കണ്ണുനിറയ്ക്കുന്ന നിരവധി സംഭവങ്ങളാണ് രാജ്യത്തെ പല ഭാഗങ്ങളിൽനിന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മക്കളെ നഷ്ടപ്പെട്ട രക്ഷിതാക്കൾ, ഭർത്താവിനെ നഷ്ടപ്പെട്ടവർ, ഭാര്യയുടെ വിയോഗത്തിൽ മനംനൊന്ത് കരയുന്നവർ, മാതാപിതാക്കലെ മരണം കൊണ്ടുപോയ വേദനയിൽ നിലവിളിക്കുന്നവർ അങ്ങിനെ നിരവധി.
ഇതിനിടയിൽ സെക്കന്ദരാബാദിൽ നിന്ന് പുറത്തുവരുന്നത് ഹൃദയഭേദകമായ ഒരു ദൃശ്യമാണ്. അഞ്ച് ദിവസം പ്രായമായ കുഞ്ഞുമൊത്ത് കൊവിഡ് വാർഡിന് പുന്നിൽ കാവലിരിക്കുന്ന പിതാവ്! കുഞ്ഞിന്റെ അമ്മ കൊവിഡ് ബാധിച്ച് വാർഡിൽ അഡ്മിറ്റാണ്. 20കാരനായ കൃഷ്ണയുടെ ഭാര്യ ആശ, ഗാന്ധി ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. കുറച്ച് നേരം കുഞ്ഞിനടത്തിരിക്കുന്ന കൃഷ്ണ, പിന്നീട് സെക്യൂരിറ്റിയുടെ അടുത്തേക്ക് നടക്കും. ഭാര്യയുടെ ആരോഗ്യത്തെ കുറിച്ച് അന്വേഷിക്കും. വീണ്ടും കുഞ്ഞിനടത്ത് ചെന്നിരിക്കും. വീണ്ടും ഇതുതന്നെ തുടരും. ഈ കാഴ്ചയാണ് വാർഡിന് പുറത്ത് കാണാനുള്ളത്.
കൃഷ്ണയുടെ അമ്മ അവർക്ക് സഹായവുമായെത്തിയിട്ടുണ്ട്. എങ്കിലും ഭാര്യ പുറത്തേക്ക് വരുന്നത് കാത്തിരിക്കുകയാണ് കൃഷ്ണ. അഞ്ച് ദിവസം മുമ്പാണ് ആശ പ്രസവിച്ചത്. കുഞ്ഞിനെ തന്റെ കയ്യിൽ തന്നാണ് അവൾ വാർഡിലേക്ക് പോയത്. പൊടി കലക്കിയതും ചൂടുവെള്ളവുമാണ് കുഞ്ഞിന് നൽകുന്നതെന്നും കൃഷ്ണ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. കുഞ്ഞിനെ ആരെങ്കിലും മോഷ്ടിച്ചാലോ എന്ന് ഭയന്ന് കുഞ്ഞിനടുത്തുനിന്ന് മാറാനുമാകുന്നില്ല കൃഷ്ണയ്ക്ക്. എന്നാൽ പിന്നീട് കൃഷ്ണയ്ക്ക് വേണ്ട സഹായങ്ങൾ ലഭിച്ചുവെനനും കൃഷ്ണയും അമ്മയും കുഞ്ഞും നാട്ടിലേക്ക് മടങ്ങിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam