
ഷാജഹാൻപുർ: ഉത്തർപ്രദേശിൽ പള്ളിക്കുള്ളിൽ കടന്നു കയറി ഖുർ ആൻ പകർപ്പ് കത്തിച്ചതിന് ഒരാളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരം കോട്വാലി പ്രദേശത്തുള്ള ഫഖ്റെ ആലം പള്ളിയിൽ ഖുർ ആൻ പകർപ്പ് കത്തിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. താജ് മുഹമ്മദ് എന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞതായും ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരം നഗരത്തിലെ കോട്വാലി പ്രദേശത്തുള്ള ഫഖ്രെ ആലം പള്ളിയിൽ നിന്ന് ഖുർ ആന്റെ ഒരു ഭാഗം കത്തിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് രമിത് ശർമ്മ പറഞ്ഞു.സംഭവത്തിൽ ഇന്നലെ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞു, പിന്നീട് ബരുജായി പ്രദേശത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പിടിയിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാൾ പള്ളിക്ക് മൂന്ന് കിലോമീറ്റർ ദൂരെ താമസിക്കുന്നയാളാണ്. ദരിദ്രനായ തനിക്ക് ജോലിയില്ലെന്നും വിവാഹം കഴിക്കാൻ സാധിക്കുന്നില്ലെന്നും ഇയാൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. തന്റെ ആത്മാവ് പറഞ്ഞിട്ടാണ് ഖുറാൻ കത്തിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ജില്ലാ മജിസ്‌ട്രേറ്റ് ഉമേഷ് പ്രതാപ് സിംഗ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് രാംസേവക് ദ്വിവേദി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. കുപ്രചാരണങ്ങൾക്ക് ചെവികൊടുക്കരുതെന്നും എല്ലാവരും സമാധാനത്തോടെ ഇരിക്കണമെന്നും ജനങ്ങളോടായി ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. അക്രമ സംഭവങ്ങളുണ്ടായതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ കനത്ത പൊലീസ് കാവലിലാണ് പ്രദേശം.
Read more: പെൺകുട്ടിയെ 16 കാരൻ ബലാത്സംഗം ചെയ്ത് കൊന്നു, പ്രതി സെക്സ് വീഡിയോയ്ക്ക് അടിമ