
വിജയവാഡ: തൊഴിൽ സമയം കൂട്ടി ആന്ധ്ര പ്രദേശ് തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നു. കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും. നിക്ഷേപങ്ങൾ ആകർഷിക്കാനും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിനും എന്നാണ് വിശദീകരണം. പരമാവധി 9 മണിക്കൂർ വരെ ജോലിസമയം എന്ന നിയമമാണ് ചന്ദ്രബാബു നായിഡു സർക്കാർ 10 മണിക്കൂറാക്കി കൂട്ടുന്നത്. 2032-ഓടെ ആന്ധ്രാപ്രദേശിനെ 120 ബില്യൺ ഡോളർ എക്കണോമി സംസ്ഥാനമായി മാറ്റുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു.
അഞ്ച് മണിക്കൂർ ജോലി ചെയ്താൽ ഒരു മണിക്കൂർ വിശ്രമം എന്നത് ആറ് മണിക്കൂർ ജോലി ചെയ്താൽ ഒരു മണിക്കൂർ എന്ന് മാറ്റുമെന്ന് ആന്ധ്ര സർക്കാർ അറിയിച്ചു. ചട്ടം മാറ്റാനുള്ള നിർദേശത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. സ്ത്രീകൾക്ക് അനുകൂലമായ രീതിയിൽ രാത്രികാല ഷിഫ്റ്റുകളിൽ ഇളവ് നൽകുന്നത് ആലോചിക്കുമെന്നും സർക്കാർ വ്യക്തമാക്കി. കൂടുതൽ ജോലി ചെയ്താൽ കൂടുതൽ സമ്പാദിക്കാമെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മന്ത്രി കെ പാർഥസാരഥി പറഞ്ഞു.
സ്വകാര്യ സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കുമെല്ലാം നിലവിലെ നിയമം ബാധകമാകും. ഈ തീരുമാനത്തിനെതിരെ നിരവധി ട്രേഡ് യൂണിയനുകൾ രംഗത്തെത്തി. തൊഴിലാളികളെ അടിമകളാക്കുന്ന സമീപനമാണിതെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ അഭിപ്രായപ്പെട്ടു. തൊഴിലാളി വിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വി ശ്രീനിവാസ റാവു ആവശ്യപ്പെട്ടു. എട്ട് മണിക്കൂർ എന്ന സമയം നേരത്തെ 9 മണിക്കൂറാക്കി വർദ്ധിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോൾ 10 മണിക്കൂറാക്കുന്നത്.