
ജയ്പൂർ: വരൻ കഴുത്തിലിട്ട 14.5 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ തോക്ക് ചൂണ്ടി കൊള്ളയടിച്ചു. വാടകയ്ക്കെടുത്ത നോട്ടുമാലയാണ് കവർന്നത്. വിവാഹം കഴിഞ്ഞ് നോട്ടുമാല തിരികെ നൽകാൻ പോകുമ്പോഴാണ് സംഭവം. രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ ജൂൺ 1 ന് നടന്ന സംഭവത്തിൽ വരന്‍റെ ബന്ധുവിന് തലയ്ക്ക് പരിക്കേറ്റു.
കിഷൻഗഡ് ബാസ് സ്വദേശിയായ വരന് ധരിക്കാൻ ഹരിയാനയിൽ നിന്നാണ് നോട്ടുമാല വാടകയ്ക്ക് എടുത്തത്. 500 രൂപയുടെ ഏകദേശം 3,000 നോട്ടുകൾ ഉപയോഗിച്ചാണ് മാലയുണ്ടാക്കിയത്. വിവാഹ ശേഷം നോട്ടുമാല തിരികെ നൽകാൻ വരന്‍റെ ബന്ധുവായ ഷാദും മറ്റൊരാളും മോട്ടോർ സൈക്കിളിൽ ഹരിയാനയിലേക്ക് മടങ്ങുന്നതിനിടെയാണ് കവർച്ച നടന്നതെന്ന് പൊലീസ് പറഞ്ഞു.
ചുഹാർപൂർ ഗ്രാമത്തിന് സമീപത്തുവച്ച് അതിവേഗത്തിൽ ഒരു ഹ്യുണ്ടായ് ക്രെറ്റ കാർ വന്ന് മനഃപൂർവ്വം ബൈക്കിൽ ഇടിച്ചു. തുടർന്ന് അക്രമികൾ ഷാദിനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി നോട്ടുമാല ബലമായി പിടിച്ചുപറിച്ചു. പിടിവലിക്കിടെ അദ്ദേഹത്തിന്റെ തലയിൽ പരിക്കേറ്റു.
പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി. പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. ഷാദിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കൈലാഷ് ചൗധരി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam