
ന്യൂഡൽഹി: സിബിഎസ്ഇ(സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ)യുടെ പുതിയ ചെയർമാനായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. മൻദീപ് കെ ഭണ്ഡാരിയെ നിയമിച്ചു. കേന്ദ്രമന്ത്രിസഭയുടെ നിയമന കമ്മിറ്റിയാണ് പുതിയ സിബിഎസ്ഇ ചെയർമാന്റെ നിയമനത്തിന് അംഗീകാരം നൽകിയത്. കേന്ദ്ര അഡീഷണൽ സെക്രട്ടറി റാങ്കിലേക്കും ശമ്പള സ്കെയിലിലേക്കും അദ്ദേഹത്തിന്റെ പദവി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
2001 ബാച്ച് എജിഎംയുടി(അരുണാചൽ പ്രദേശ്, ഗോവ, മിസോറം, കേന്ദ്രഭരണപ്രദേശങ്ങൾ) കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് മൻദീപ് കെ ഭണ്ഡാരി. നേരത്തേ ജമ്മു കശ്മീരിലെയും കേന്ദ്രസർക്കാരിലെയും വിവിധ വകുപ്പുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ജമ്മു കശ്മീർ ലെഫ്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ സിബിഎസ്ഇ ചെയർമാനായി നിയമിച്ചത്.
ഡോക്ടറായ മൻദീപ് കെ ഭണ്ഡാരി ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജിൽനിന്ന് സ്വർണ മെഡൽ നേട്ടത്തോടെയാണ് എംബിബിഎസ് പൂർത്തിയാക്കിയത്. ഡോക്ടറായി ജോലിചെയ്തുവരുന്നതിനിടെ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടി. തുടർന്ന് ലേ ഡെപ്യൂട്ടി കമ്മീഷണർ, ജമ്മു ഡെപ്യൂട്ടി കമ്മീഷണർ, ജമ്മു ഡിവിഷണൽ കമ്മീഷണർ, ശ്രീമാതാ വൈഷ്ണോ ദേവി ക്ഷേത്രം സിഇഒ, ജമ്മു കശ്മീർ ആരോഗ്യവിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. കേന്ദ്ര മാനവവിഭവശേഷി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.
സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട് വൻ വിവാദങ്ങളുണ്ടായ സാഹചര്യത്തിലാണ് പുതിയ ചെയർമാന്റെ നിയമനം. സിബിഎസ്ഇ 12-ാം ക്ലാസ് ഓൺസ്ക്രീൻ മാർക്കിങ് മൂല്യനിർണയത്തിലെ അപാകതകൾ വലിയ പരാതികൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. സിബിഎസ്ഇ മൂല്യനിർണയത്തിൽ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ജൂണിൽ സിബിഎസ്ഇ ചെയർമാനായിരുന്ന രാഹുൽ സിങ്ങിനെ കേന്ദ്രം തൽസ്ഥാനത്തുനിന്ന് മാറ്റി. തുടർന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയുമായ ലോഖണ്ടെ പ്രശാന്ത് സീതാറാമിന് സിബിഎസ്ഇ ചെയർമാന്റെ അധികചുമതല കൂടി നൽകുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam