
ബെംഗളൂരു: കർണാടകയിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ടുവിവാഹങ്ങൾ കഴിച്ചവരാണെന്ന മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പരാമർശം വിവാദത്തിൽ. കഴിഞ്ഞദിവസം നിയമസഭയിൽ സംസാരിക്കുന്നതിനിടെയാണ് ഡി കെ ശിവകുമാർ എംഎൽഎമാർക്കെതിരേ പരാമർശം നടത്തിയത്. ഇത് വിവാദമായതോടെ ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കെതിരേ രംഗത്തെത്തി.
വരൾച്ചയുമായി ബന്ധപ്പെട്ട ചർച്ചയിൽ നിയമസഭയിൽ മറുപടി നൽകുന്നതിനിടെയാണ് മുഖ്യമന്ത്രി വിവാദപരാമർശം നടത്തിയത്. മറുപടി പ്രസംഗത്തിനിടെ അദ്ദേഹം ബെംഗളൂരുവിലെ അതിവേഗ നഗരവൽക്കരണത്തെക്കുറിച്ചും ജനസംഖ്യാ വർധനവിനെക്കുറിച്ചും സംസാരിച്ചിരുന്നു. ഇതിനിടെയാണ് ബെംഗളൂരുവിലേക്ക് വരുന്ന ഒരു ഡസനോളം എംഎൽഎമാർ രണ്ടുവിവാഹം കഴിച്ചവരാണെന്നും ഇവർ നഗരം വിട്ട് പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞത്.
'കെംപെഗൗഡ ബെംഗളൂരുവിനെ കെട്ടിപ്പടുത്തു. കെംഗാൾ ഹനുമന്തയ്യ വിധാൻ സൗധ നിർമിച്ചു. എസ് എം കൃഷ്ണ ബെംഗളൂരുവിനെ ഒരു അന്താരാഷ്ട്ര നഗരമാക്കി. അതിനാൽ, ഈ നഗരത്തിലേക്ക് വരുന്നവരാരും ഇവിടെനിന്ന് തിരികെപോകുന്നില്ല. നിങ്ങളടക്കം(എംഎൽഎമാർ) ഇവിടെ വരുന്നവരാരും തിരികെ പോകുന്നില്ല. നിങ്ങളിൽ ബെംഗളൂരു നഗരത്തിലേക്ക് വരുന്നവരെല്ലാം രണ്ട് വിവാഹം കഴിക്കുന്നു. അത്തരത്തിൽ ഒരു ഡസനിലേറ പേരുണ്ട്. അവരുടെ പട്ടിക എനിക്ക് നൽകാനാകും. ദക്ഷിണ കന്നഡ, ധർവാഡ് ജില്ലകളിൽനിന്നുള്ള എംഎൽഎമാരുടെ പേരുകൾ എനിക്ക് പറയാം. പക്ഷേ, ഞാൻ അതിലേക്ക് കടക്കുന്നില്ല'- ഡി കെ ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിലേക്ക് വരുന്ന അഭിഭാഷകർ പോലും സ്വന്തം നാടുകളിലേക്ക് തിരികെ പോകുന്നില്ലെന്നും ഇതുകൊണ്ടെല്ലാമാണ് നഗരത്തിലെ ജനസംഖ്യ ഇതുപോലെ വർധിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നഗരത്തിലെ ജനസംഖ്യ 47 ശതമാനമായി വർധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരേ പ്രതിപക്ഷ നേതാവ് ആർ അശോക ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തെത്തി. മുഖ്യമന്ത്രി നടത്തിയത് അനാവശ്യ പരാമർശമാണെന്നും രണ്ട് വിവാഹം കഴിച്ച എംഎൽഎമാരുടെ പേരുകൾ മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും ആർ അശോക ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിൽനിന്ന് ബെംഗളൂരുവിലേക്ക് എത്തിയ എല്ലാ എംഎൽഎമാരെയും സംശയനിഴലിലാക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്. അതിനാൽ അദ്ദേഹം ആ പേരുകൾ പുറത്തുവിടണമെന്നും അശോക പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam