
മാണ്ഡ്യ:വിവാഹിതൻ, മൂന്ന് കുട്ടികളുടെ പിതാവ്. അയൽവാസിയായ 19കാരിയെ വിവാഹം ചെയ്യാൻ സമ്മർദ്ദം. മറ്റൊരു വിവാഹത്തിനുള്ള തയ്യാറെടുപ്പിനിടെ ജീവനൊടുക്കി 19കാരിയും അമ്മയും. കർണാടകയിലെ മാണ്ഡ്യയിൽ ദളവായി കൊടിഹള്ളിയിലാണ് അമ്മയും 19-കാരിയായ മകളും ജീവനൊടുക്കിയത്. പ്രിയങ്കയെ വിവാഹം കഴിക്കാൻ നിർബന്ധിച്ച് വിവാഹിതനായ അയൽവാസി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇതിലുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നും പൊലീസ് വിശദമാക്കുന്നത്. ശകുന്തളാ ദേവിയും 19 വയസ്സുള്ള മകൾ പ്രിയങ്കയുമാണ് മരിച്ചത്. പ്രിയങ്കയുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങൾക്കിടെയാണ് ആത്മഹത്യ. ഞായറാഴ്ചയാണ് ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പൊലീസും ഉദ്യോഗസ്ഥരും നൽകുന്ന വിവരങ്ങൾ അനുസരിച്ച് അയൽക്കാരന്റെ ഭീഷണി കാരണമുള്ള കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു അമ്മയും മകളും. വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ വീട്ടിൽ നിരന്തരമായ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ അയൽവാസിക്ക് സാധിച്ചിരുന്നു. 35കാരനായ മുത്തുരാജു എന്ന വിവാഹിതനായ അയൽവാസിയാണ് പ്രിയങ്കയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചതെന്ന് പൊലീസ് വിശദമാക്കുന്നത്. ഇയാൾക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. ഇക്കാരണത്താൽ ശകുന്തളയും ഭർത്താവ് മഹേഷും മുത്തുരാജുവിന് താക്കീത് നൽകുകയും മകളിൽ നിന്ന് അകന്നുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മകൾക്ക് മാതാപിതാക്കൾ വിവാഹം ആലോചിച്ചത്. ഈ വിവരം അറിഞ്ഞതോടെ
മുത്തുരാജു ശകുന്തളയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഈ വിവാഹം നടന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ഭീഷണികൾ അമ്മയ്ക്കും മകൾക്കും കടുത്ത മാനസിക ആഘാതമുണ്ടാക്കിയെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. തങ്ങളുടെ സുരക്ഷയെക്കുറിച്ചും കുടുംബത്തിന്റെ മാനം നഷ്ടപ്പെടുമോ എന്നതിനെക്കുറിച്ചും അവർ ആശങ്കയിലായിരുന്നു. ഈ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.സംഭവത്തിന് ശേഷം ശകുന്തളയുടെ ഭർത്താവ് മഹേഷ് ഹാലഗുരു പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭീഷണി സംബന്ധിച്ച ആരോപണങ്ങളും മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടർച്ചയും അധികൃതർ ഇപ്പോൾ പരിശോധിച്ചുവരികയാണ്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam