
ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ അതീവ ജാഗ്രത തുടരുന്നതിനിടെ രാഹുൽ ഗാന്ധി മെയ്തെയ് വിഭാഗങ്ങളുടെ ക്യാന്പുകൾ ഇന്ന് സന്ദർശിക്കും. എന്നാൽ റോഡുമാർഗ്ഗം പോകാനാകില്ലെന്ന നിലപാട് വ്യക്തമാക്കി പൊലീസ് രംഗത്തെത്തി. യാത്ര മാറ്റില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തു. ബീരേൺ സിംഗ് രാജി സന്നദ്ധത പ്രകടിപ്പിച്ചെന്ന വാർത്ത തള്ളി ബിജെപി രംഗത്തെത്തി.
മണിപ്പൂരിൽ കലാപ മേഖലകൾ സന്ദർശിക്കുന്ന രാഹുൽ ഗാന്ധി ഇന്ന് മെയ്ത്തെയ് വിഭാഗത്തിന്റെ വിഷ്ണുപൂരിലെ രണ്ട് ക്യാമ്പുകൾ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. ഇന്നലെ അനുമതി ലഭിക്കാത്ത ക്യാമ്പുകളിൽ ആണ് സന്ദർശനം നടത്തുക. നാഗ ഉൾപ്പെടെയുള്ള 17 പൗര സമൂഹവുമായും രാഹുൽ കൂടികാഴ്ച നടത്തും.
എന്നാൽ സംഘർഷ സാഹചര്യവും സുരക്ഷാ വെല്ലുവിളികളും ചൂണ്ടിക്കാട്ടി ഈ മേഖലകളിലേക്ക് പോകുന്നതിൽ നിന്ന് ഇന്നും രാഹുൽ ഗാന്ധിയെ പൊലീസ് വിലക്കി. റോഡ് മാർഗം പോകാനാണ് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്. വ്യോമമാർഗം പോകണമെന്നാണ് പൊലീസ് നിലപാട്. ഇന്നലെ കാങ്പോക്പിയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടതോടെയാണ് വീണ്ടും സംസ്ഥാനത്ത് സംഘർഷം ഉണ്ടായത്. ഇംഫാൽ നഗരത്തിൽ മൃതദേഹങ്ങളുമായി പ്രതിഷേധ പ്രകടനം നടത്തിയ മെയ്ത്തെയി വിഭാഗക്കാർ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam