
ഇംഫാൽ: മണിപ്പൂര്‍ സംഘർഷത്തിൽ ആശങ്കയറിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്. മൂന്ന് പള്ളികളും നിരവധി വീടുകളും അഗ്നിക്കിരയാക്കി. നിരവധി പേര്‍ പലായനം ചെയ്തു. സാഹചര്യം ഇപ്പോഴും ആശങ്കജനകമായി തുടരുകയാണെന്നും സിബിസിഐ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നും കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. പൊലീസ് വിഷയത്തില്‍ ഇടപെട്ടത് വൈകിയാണെന്നും കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് വിമർശനം.
മണിപ്പൂർ സംഘർഷത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബംഗളുരു ബിഷപ്പ് പീറ്റർ മച്ചാഡോ രംഗത്തെത്തിയിരുന്നു. 41% ക്രിസ്ത്യൻ ജനസമൂഹം ഭയത്തോടെയാണ് കലാപഭൂമിയിൽ ജീവിക്കുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉള്ള ഉത്തരവാദിത്തം ബിജെപി സർക്കാരിന് ഉണ്ട്. നിരവധി ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കപ്പെട്ടു. മണിപ്പൂരിൽ നിലനിൽക്കുന്നത് ഭയാനക സാഹചര്യമാണ്. മതവിശ്വാസത്തിന്റെ പേരിൽ ജനങ്ങൾ ആക്രമിക്കപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അടിയന്തരമായി വേണമെന്നും ബിഷപ്പ് പീറ്റർ മച്ചാഡോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മണിപ്പൂരിലെ കലാപ സാഹചര്യത്തില്‍ സംസ്ഥാനത്തേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. സാഹചര്യം മെച്ചപ്പെടുന്നത് വരെ ഒരു ട്രെയിനും മണിപ്പൂരിലേക്ക് കടത്തിവിടില്ലെന്ന് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ അറിയിച്ചു. കലാപകാരികള്‍ പൊലീസ് ട്രെയിനിംഗ് കോളെജിൽ നിന്ന് ആയുധങ്ങൾ കവർന്നു. സംഘർഷത്തിൽ ആക്രമിക്കപ്പെട്ട ബിജെപി എംഎൽഎ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വടക്ക് കിഴക്കന്‍ മേഖലയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാഹചര്യം നിയന്ത്രണ വിധേയമെന്ന് സൈന്യം വ്യക്തമാക്കി കൂടുതല്‍ സൈനികസംഘത്തെ കൂടി കലാപ മേഖലകളില്‍ നിയോഗിച്ചതായി സൈന്യം അറിയിച്ചു. അതേസമയം കലാപത്തില്‍ ആശങ്ക പ്രകടിപ്പിച്ച യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം അക്രമികൾക്ക് എതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.