
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തില്ലെന്ന വാശിയിൽ കേന്ദ്രസർക്കാർ തുടരുന്നതാണ് ഇന്നും പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമാകാൻ കാരണം. പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് രണ്ടു സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ബിജെപി നേതാക്കൾ രാജസ്ഥാനിലെ ലൈംഗിക അതിക്രമം ചൂണ്ടിക്കാട്ടി ഹ്രസ്വ ചർച്ചയ്ക്ക് നൽകിയ നോട്ടീസ് അംഗീകരിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷൻ പറഞ്ഞത് വലിയ പ്രതിഷേധത്തിനിടയാക്കി.
രാവിലെ ചേർന്ന ഇന്ത്യ സഖ്യത്തിൻറെ യോഗത്തിലാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്നതിനുള്ള ആലോചന നടന്നത്. അവിശ്വാസ പ്രമേയമാണെങ്കിൽ പ്രധാനമന്ത്രിക്ക് മറുപടി നൽകേണ്ടി വരുമെന്നാണ് വിലയിരുത്തൽ. പാർട്ടികൾക്കുള്ളിൽ ചർച്ച നടന്ന ശേഷം ഇക്കാര്യം തീരുമാനിക്കും. ബിജെപി പാർലമെൻററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പ്രതിപക്ഷത്തിന് ദിശാബോധമില്ലെന്ന് ആഞ്ഞടിച്ചു. ഇന്ത്യ എന്ന പേര് സഖ്യത്തിന് നൽകിയതു കൊണ്ട് എല്ലാമായെന്നാണ് പ്രതിപക്ഷം കരുതുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യൻ മുജാഹിദ്ദീനിലും പോപ്പുലർ ഫ്രണ്ടിലും ഇന്ത്യയുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പ്രതിപക്ഷ സഖ്യത്തെ ഇവയോട് പരോക്ഷമായി ഉപമിച്ചു.
ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗിനെ സസ്പെൻഡ് ചെയ്തതിനെതിരെ പാർലമെൻറ് വളപ്പിലെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. രാത്രിയിലും പ്രതിപക്ഷ അംഗങ്ങൾ ധർണ്ണ തുടർന്നിരുന്നു. മണിപ്പൂരിലെ കാഴ്ചകൾ തിരിച്ചടിയായിരിക്കുമ്പോഴും പ്രധാനമന്ത്രി പ്രസ്താവന നടത്തണം എന്ന ആവശ്യത്തിന് വഴങ്ങേണ്ടെന്നാണ് എൻഡിഎ തീരുമാനം.
അതിനിടെ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ഗാന്ധി രംഗത്ത് വന്നു. മോദിക്ക് ഞങ്ങളെ എന്തുവേണമെങ്കിലും വിളിക്കാം. ഞങ്ങള്‍ ഇന്ത്യയാണ്. മണിപ്പൂരില്‍ ഞങ്ങള്‍ സമാധാനം കൊണ്ടുവരും. സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീര്‍ തുടയ്ക്കും. ഇന്ത്യയെന്ന ആശയത്തെ മണിപ്പൂരില്‍ വീണ്ടും പടുത്തുയർത്തുമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam