
ദില്ലി: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം നീട്ടും. ആറ് മാസത്തേക്ക് കൂടി നീട്ടാനാണ് തീരുമാനം. ഓഗസ്റ്റ് 13 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും. രാഷ്ട്രപതി ഭരണം നീട്ടുന്നതിൽ മണിപ്പൂർ ബിജെപിയിൽ അതൃപ്തിയുണ്ടെന്നാണ് സൂചന.
വംശീയ കലാപം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണം ഉയർന്നതോടെ മണിപ്പുരിൽ കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചതിന് പിന്നാലെയാണ് മണിപ്പുരിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നത്.
2023 മേയിലാണ് മെയ്തി, കുകി വിഭാഗങ്ങള്‍ തമ്മില്‍ കലാപം തുടങ്ങിയത്. മെയ്തികളെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന മണിപ്പൂർ ഹൈക്കോടതി ഉത്തരവോടെയാണ് തുടക്കം. ഇതിനെതിരെ 2023 മേയ് 3 ന് ചുരാചന്ദ്പുരിൽ നടന്ന മാർച്ചോടെയാണ് കലാപം ആരംഭിച്ചത്. പിന്നീട് ഇങ്ങോട്ട് രാജ്യം കണ്ടത് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു.
സ്ത്രീകളും കുട്ടികളും കൊലചെയ്യപ്പെട്ടു. മുഖ്യമന്ത്രിയുടെത് അടക്കം വീടുകൾ അഗ്നിക്കിരയായി. വാഹനങ്ങൾ കത്തിച്ചു. ജനങ്ങൾ പലയിടങ്ങളിലേക്ക് പലായനം ചെയ്തു. എത്ര പേർ കൊല്ലപ്പെട്ടെന്ന് കൃത്യമായ കണക്ക് ലഭ്യമല്ല. 2025 ഫെബ്രുവരി വരെ 260 തവണയാണ് ആക്രമണമുണ്ടായത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ശേഷം അക്രമങ്ങൾ കുറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam