മണിപ്പൂരിൽ കലാപം തുടരുന്നു: ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിട്ട് ഗവർണർ, കൂടുതൽ സൈന്യവും സംസ്ഥാനത്ത്

Published : May 04, 2023, 10:59 PM IST
മണിപ്പൂരിൽ കലാപം തുടരുന്നു: ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിട്ട് ഗവർണർ, കൂടുതൽ സൈന്യവും സംസ്ഥാനത്ത്

Synopsis

മണിപ്പൂരിലെ ഭൂരിപക്ഷമായ മൈതേയ് വിഭാഗങ്ങള്‍ക്ക് എസ്ടി പദവി നല്‍കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയിതിരുന്നു

ദില്ലി: കലാപം നടക്കുന്ന മണിപ്പൂരില്‍ അക്രമികള്‍ക്കെതിരെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിട്ട് ഗവർണർ. സംഘർഷം അമർച്ച ചെയ്യാന്‍ ആവശ്യമെങ്കില്‍ അക്രമികള്‍ക്കെതിരെ വെടിവെക്കാനാണ് നി‍ർദേശം. സംസ്ഥാനത്ത്  ഭൂരിപക്ഷമായ മൈതേയ് വിഭാഗങ്ങള്‍ക്ക് എസ്ടി പദവി നല്‍കുന്നതിനെതിരായ പ്രതിഷേധം കലാപത്തിന് വഴിമാറിയതോടെ മേഖലയില്‍ കൂടുതല്‍ സൈന്യത്തെയും നിയോഗിച്ചു. വ്യോമസേന വിമാനത്തില്‍ ദ്രുത കർമസേനയേയും എത്തിച്ചു. എട്ട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി എൻ ബിരെൻ സിംഗുമായി ചർച്ച നടത്തി.

മണിപ്പൂരിലെ ഭൂരിപക്ഷമായ മൈതേയ് വിഭാഗങ്ങള്‍ക്ക് എസ്ടി പദവി നല്‍കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയിതിരുന്നു. മൈതേയ് വിഭാഗവുമായി നേരത്തെ അസ്വാരസ്യം നിലനിന്നിരുന്ന ഗോത്ര വിഭാഗങ്ങള്‍ ഇതിനെ എതിർത്ത് പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് ഇംഫാല്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സംഘർഷത്തിന് വഴിവെച്ചത്. ഗോത്രവിഭാഗങ്ങളുടെ വലിയ പ്രതിഷേധ റാലി മേഖലയില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. 24 മണിക്കൂറായി തുടരുന്ന കലാപത്തില്‍ നിരവധി വീടുകളും വാഹനങ്ങളും ആരാധാനാലായങ്ങളും ആക്രമികൾ തകർത്തു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കലാപത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇൻറർനെറ്റ് ബന്ധം പലയിടത്തും വിച്ഛേദിച്ചിരിക്കുകയാണ്. ആവശ്യമെങ്കില്‍ അക്രമികള്‍ക്കെതിരെ വെടിവെക്കാനാണ് ഗവർണർ രഞ്ജിത്ത് സിങിന്‍റെ നിര്‍ദേശം. ജില്ലാ കളക്ടർമാര്‍ അടക്കമുള്ളവർക്ക് ഇതിനുള്ള അനുമതി ഗവർണർ നല്‍കി.

കൂടുതല്‍ സൈന്യത്തെ പ്രദേശത്ത് നിയോഗിക്കുന്നതിനൊപ്പം വ്യോമസേന വിമാനത്തില്‍ ദ്രുത കർമസേനയേയും മേഖലയിൽ എത്തിച്ചിട്ടുണ്ട്. കലാപ മേഖലകളില്‍ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ തെറ്റിദ്ധാരണയാണ് അക്രമങ്ങള്‍ക്ക് കാരണമെന്ന് മുഖ്യമന്ത്രി ബീരേൻ സിങ് പറഞ്ഞു.

അക്രമങ്ങളെ തുടര്‍ന്ന് ഒൻപതിനായിരം പേരെ സൈനിക ക്യാമ്പുകളിലേക്കും സർക്കാര്‍ ഓഫീസുകളിലേക്കും മാറ്റിയിട്ടുണ്ട്. ഒളിംപ്യൻ മേരി കോം മണിപ്പൂരിലെ സംഘർഷ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെടണമെന്ന് ആവശ്യപ്പെട്ടു. കലാപത്തിന് ബിജെപിയെ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സമുദായങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുന്ന ബിജെപി, സംസ്ഥാനത്തെ സമാധാനം തകർത്തുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന്‍ ഖർഗെയും പ്രധാനമന്ത്രി ഇടപെടണമെന്ന് രാഹുല്‍ഗാന്ധിയും ട്വീറ്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ
10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച