മണിപ്പൂർ കലാപം: ആഭ്യന്തര മന്ത്രി രാജിവെക്കണം, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ്

Published : May 04, 2023, 11:47 PM IST
മണിപ്പൂർ കലാപം: ആഭ്യന്തര മന്ത്രി രാജിവെക്കണം, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ്

Synopsis

സംസ്ഥാനത്ത് ഭൂരിപക്ഷമായ മൈതേയ് വിഭാഗങ്ങള്‍ക്ക് എസ്ടി പദവി നല്‍കാൻ ഹൈക്കോടതി ശുപാര്‍ശ ചെയ്തതാണ് ഇപ്പോഴത്തെ കലാപങ്ങൾക്ക് കാരണം

ദില്ലി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ വിമർശനം ശക്തമാക്കി കോൺഗ്രസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മണിപ്പൂർ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ തന്നെ സംഭവത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. സമുദായങ്ങൾക്കിടയിൽ സംഘർഷമുണ്ടാക്കുന്ന ബിജെപി, സംസ്ഥാനത്തെ സമാധാനം തകർത്തുവെന്നായിരുന്നു വിമർശനം. പ്രധാനമന്ത്രി ഇടപെടണമെന്ന് രാഹുല്‍ഗാന്ധിയും ട്വീറ്റ് ചെയ്തിരുന്നു.

സംസ്ഥാനത്ത് ഭൂരിപക്ഷമായ മൈതേയ് വിഭാഗങ്ങള്‍ക്ക് എസ്ടി പദവി നല്‍കാൻ ഹൈക്കോടതി ശുപാര്‍ശ ചെയ്തതാണ് ഇപ്പോഴത്തെ കലാപങ്ങൾക്ക് കാരണം. മൈതേയ് വിഭാഗവുമായി അസ്വാരസ്യം ഉണ്ടായിരുന്ന ഗോത്ര വിഭാഗങ്ങള്‍ ഇതിനെ എതിർത്ത് പ്രതിഷേധം ഉയര്‍ത്തി. പിന്നാലെ ഇംഫാല്‍ ഉള്‍പ്പെടെ മേഖലകളില്‍ സംഘർഷത്തിന് വഴിവെച്ചത്. ഗോത്ര വിഭാഗങ്ങളുടെ വലിയ പ്രതിഷേധ റാലി കഴിഞ്ഞ ദിവസം നടന്നിരുന്നു. പിന്നാലെ കലാപം ആരംഭിച്ചു. കലാപത്തില്‍ നിരവധി വീടുകളും വാഹനങ്ങളും ആരാധനാലായങ്ങളും അക്രമികൾ തകർത്തു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കലാപത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് ബന്ധം പലയിടത്തും വിച്ഛേദിച്ചിരിക്കുകയാണ്.

അക്രമികള്‍ക്കെതിരെ വെടിവെക്കാനാണ് ഗവർണർ രഞ്ജിത്ത് സിങിന്‍റെ നിര്‍ദേശം. ജില്ലാ കളക്ടർമാര്‍ അടക്കമുള്ളവർക്ക് ആവശ്യമെങ്കിൽ വെടിവെക്കാനുള്ള അനുമതി ഗവർണർ നല്‍കി. കൂടുതല്‍ സൈന്യത്തെ പ്രദേശത്ത് നിയോഗിക്കുന്നതിനൊപ്പം വ്യോമസേന വിമാനത്തില്‍ ദ്രുത കർമസേനയെയും മേഖലയിൽ എത്തിച്ചിട്ടുണ്ട്. കലാപ മേഖലകളില്‍ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ തെറ്റിദ്ധാരണയാണ് അക്രമങ്ങള്‍ക്ക് കാരണമെന്ന് മുഖ്യമന്ത്രി ബീരേൻ സിങ് പറഞ്ഞു. അക്രമങ്ങളെ തുടര്‍ന്ന് ഒൻപതിനായിരം പേരെ സൈനിക ക്യാമ്പുകളിലേക്കും സർക്കാര്‍ ഓഫീസുകളിലേക്കും മാറ്റിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം