
ദില്ലി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കർ ഓം ബിർള അംഗീകരിച്ചു. കോൺഗ്രസ് എം പി ഗൗരവ് ഗൊഗോയ് ആണ് പ്രമേയം അവതരിപ്പിക്കുക. പ്രമേയത്തിൽ ചർച്ചയ്ക്കുള്ള തീയതി പിന്നീട് അറിയിക്കും. പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ടുള്ള ബഹളം തുടരുന്നതിനാൽ ഇരു സഭകളിലും ഇന്നും നടപടികൾ തടസപ്പെട്ടു. അതേസമയം, അവിശ്വാസ പ്രമേയ നോട്ടീസ് സഖ്യം തെളിയിക്കാനല്ലെന്ന് ഗൗരവ് ഗൊഗോയി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മണിപ്പൂരിന് നീതി ഉറപ്പാക്കാനാണ് നോട്ടീസ് നല്‍കിയത്. മണിപ്പൂരിനെ പ്രധാനമന്ത്രി അവഗണിക്കുന്നത് തുറന്ന് കാട്ടാനാണ് ശ്രമിക്കുന്നതെന്നും ഗൊഗോയ് കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയി ബിആർഎസ് എംപി നമോ നാഗേശ്വർ റാവു എന്നിവരാണ് കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. പന്ത്രണ്ട് മണിക്ക് നോട്ടീസ് പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടെ നോട്ടീസ് പരിഗണിക്കാനാവശ്യമായ 50 പേരുടെ പിന്തുണയുണ്ടോ എന്ന് പരിശോധിച്ച സ്പീക്കർ ചർച്ചയ്ക്കുള്ള തീയതി നിശ്ചയിച്ച് അറിയിക്കാം എന്ന് വ്യക്തമാക്കി.
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ഉറപ്പാക്കാനാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. രാഹുൽ ഗാന്ധിയും സഭയിൽ ഇല്ലാത്ത പശ്ചാത്തലത്തിൽ അവിശ്വാസ ചർച്ച നടക്കട്ടെ എന്ന രാഷ്ട്രീയ തീരുമാനം ഭരണപക്ഷം കൈക്കൊണ്ടു എന്നാണ് സൂചന. ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി അവിശ്വാസ പ്രമേയം നേരിടാൻ പോകുന്നത്. അവിശ്വാസം പരാജയപ്പെടുമെങ്കിലും പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഒറ്റക്കെട്ടാണെന്ന സന്ദേശം പ്രമേയം നൽകുമെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.
അതേസമയം, പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്ന ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിച്ചിരുന്നു. സ്ത്രീകളെ നഗ്നരാക്കി റോഡില്‍ കൂടി നടത്തിയ സംഭവത്തെ അപലപിച്ചാണ് മോദി പ്രതികരിച്ചത്. പുറത്ത് വരുന്ന ദൃശ്യങ്ങള്‍ വേദനാജനകമാണ്. മണിപ്പൂരിലെ പെണ്‍മക്കള്‍ക്കുണ്ടായ ദുരനുഭവം പൊറുക്കാനാവില്ല. പരിഷ്കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് നടന്നത്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നിയമം സര്‍വശക്തിയില്‍ പ്രയോഗിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം