
ദില്ലി: മദ്യനയ കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി ബി ഐ ചോദ്യം ചെയ്യാനിരിക്കെ രൂക്ഷ വിമർശനവുമായി എ എ പി വക്താവ് സൗരഭ് ഭരദ്വാജ് രംഗത്ത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ള ദില്ലി ഉപമുഖ്യമന്ത്രിയെ സി ബി ഐ നാളെ അറസ്റ്റ് ചെയ്യുമെന്നാണ് എ എ പി പറയുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് സി ബി ഐയെ ഇറക്കിയുള്ള ബി ജെ പി നടപടി എന്നും സൗരഭ് ഭരദ്വാജ് അഭിപ്രായപ്പെട്ടു. എന്നാൽ അന്വേഷണത്തോട് പൂർണമായും സഹകരിക്കും എന്നാണ് സിസോദിയ അറിയിച്ചിട്ടുള്ളത്.
നാളെ രാവിലെ 11 മണിക്ക് ദില്ലി സി ബി ഐ ആസ്ഥാനത്ത് ഹാജരാകാനാണ് സിസോദിയക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. സി ബി ഐ രജിസ്റ്റർ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് സിസോദിയ. സിസോദിയയുടെ വീടും ഓഫീസും ബാങ്ക് ലോക്കറും സി ബി ഐ പരിശോധിച്ചിരുന്നു. പരിശോധനയിൽ ഒന്നും കിട്ടിയില്ലെന്ന് ദില്ലി ഉപമുഖ്യമന്ത്രി പരിഹസിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും സിസോദിയ പ്രതികരിച്ചിട്ടുണ്ട്.
'14 മണിക്കൂർ സി ബി ഐ എന്‍റെ വീട്ടിൽ റെയ്ഡ് നടത്തി, എന്‍റെ ബാങ്ക് ലോക്കർ പരിശോധിച്ചു, ഇവർക്ക് ഒന്നും കണ്ടെത്താനായില്ല, ശേഷം അവർ എന്നെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് സി ബി ഐ ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്, ഞാൻ പോയി പൂർണ്ണമായി സഹകരിക്കും, സത്യമേവ ജയതേ' - ഇങ്ങനെയാണ് സിസോദിയ ട്വീറ്ററിൽ കുറിച്ചത്.
അതിനിടെ ദില്ലിയിലെ എ എ പി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. കെജ്രിവാൾ സർക്കാർ അഴിമതി സർക്കാർ ആയെന്നാണ് ബി ജെ പി അധ്യക്ഷൻ പറഞ്ഞത്. കെജ്രിവാൾ സർക്കാർ പുറത്ത് പോകണം എന്നും ജെപി നദ്ദ ആവശ്യപ്പെട്ടു. അതേസമയം കേസിലെ മറ്റൊരു പ്രതിയായ മലയാളിയായ വിജയ് നായരെ സി ബി ഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യനയ രൂപീകരണത്തില്‍ വിജയ് നായരും പങ്കാളിയായിരുന്നു. ഇതിന് പിന്നാലെയാണ് സിസോദിയയെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.