ന:പൂർവ്വം പറഞ്ഞതാണ് രാമായണ കഥയെന്നും നാടൻ പ്രയോഗമായി ഇത് കാണാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സുധാകരൻ മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട്: രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് ഉദാഹരിച്ച് തെക്കൻ കേരളത്തെ കുറ്റപ്പെടുത്തിയ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷ വിമ‍ർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. സുധാകരന്‍റെ പ്രസ്താവന അങ്ങേയറ്റം അപമാനകരമെന്നും അറിയാത്ത കാര്യങ്ങൾ അനാവശ്യമായി പറഞ്ഞ് കേരളത്തിലെ തെക്ക് ഭാഗത്ത് ഉള്ളവരെ അപമാനിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു. സുധാകരന്‍റെ വാക്കുകൾ കേരളത്തിലെ ജനങ്ങളെ മൊത്തം അപമാനിക്കുന്നതാണെന്നും ചരിത്രബോധം സുധാകരന് നഷ്ടപ്പെട്ടെന്നും ബി ജെ പി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. ഐക്യ കേരള രൂപീകരണത്തിന് അഭിമാനമായ ഒട്ടേറെ പേർക്ക് ജൻമം നൽകിയ സ്ഥലമാണ് തെക്കൻ കേരളമെന്നും കെ സുരേന്ദ്രൻ ഓ‍ർമ്മപ്പെടുത്തി. കെ സുധാകരനെ കെ പി സി സി പ്രസിഡന്‍റ് സ്ഥാനത്ത് തുടരാൻ രാഹുൽ ഗാന്ധി അനുവദിക്കരുതെന്നും പാലക്കാട് ജനിച്ച് തിരുവന്തപുരത്ത് പോയി എം പിയായ ശശി തരൂർ ഇക്കാര്യത്തിൽ മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇക്കാര്യത്തിൽ മറുപടി പറയണം.

കോൺഗ്രസ് അധ്യക്ഷ പോരാട്ടത്തിൽ അഭിപ്രായം പറഞ്ഞ് ബിജെപി വക്താവ്; ചുട്ടമറുപടിയുമായി തരൂർ, ഒപ്പം ഒരു വെല്ലുവിളിയും

എന്തടിസ്ഥാനത്തിലാണ് രാമായണത്തെ കൂട്ട് പിടിച്ച് സുധാകരൻ ഇത്തരം പ്രസ്താവന നടത്തിയത്. സുധാകരന് തെക്കൻ കേരളത്തിലെ നേതാക്കളോട് കെറുവ് ഉണ്ട്. ഇതാവാം പ്രസ്താവനക്ക് കാരണം. ഇതിന്‍റെ പേരിൽ ജനങ്ങളെ അധിക്ഷേപിച്ചു. രാമായണത്തിന്‍റെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും ബി ജെ പി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. മന:പൂർവ്വം പറഞ്ഞതാണ് രാമായണ കഥയെന്നും നാടൻ പ്രയോഗമായി ഇത് കാണാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സുധാകരൻ മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അച്ചടക്ക നടപടിക്ക് വിധേയനായ ആൾക്ക് താത്പര്യം ഇല്ലാത്ത കാലത്തോളം അത് പുറത്തു പറയുന്നത് ബിജെപിയുടെ രീതിയല്ലെന്നായിരുന്നു സന്ദീപ് വാര്യരെ വക്താവ് സ്ഥാനത്ത് നിന്നും മാറ്റിയ ചോദ്യത്തോട് ബി ജെ പി അധ്യക്ഷൻ പ്രതികരിച്ചത്. അവഗണിക്കപ്പെടുന്നെന്ന് നിങ്ങൾ പറയുന്ന നേതാക്കളെല്ലാം വക്താക്കളായത് തന്റെ ടേമിലാണെന്നും സുരേന്ദ്രൻ ഒരു ചോദ്യത്തിന് മറുപടി നൽകി. 2020 ന് മുമ്പ് ആറോ എഴോ പേർ മാത്രമായിരുന്നു ബി ജെ പിക്ക് വേണ്ടി ചാനലിൽ ചർച്ചകൾക്ക് പോകാനുണ്ടായിരുന്നത്. എന്നാൽ ഇന്ന് 35 ഓളം പാനലിസ്റ്റുകൾ ബി ജെ പിക്കുണ്ട്. പുതിയ തലമുറയ്ക്ക് കൂടുതൽ അവസരം നൽകുന്ന പാർട്ടിയാണ് ബി ജെ പി യെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

തെക്കൻ കേരളത്തിനെതിരായ വിവാദ പരാമർശം പിൻവലിച്ച് കെ സുധാകരൻ | K Sudhakaran

'അത് നാട്ടില്‍ പ്രചാരത്തിലുള്ള കഥ, ദുരുദ്ദേശമില്ല, വിഷമിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു' കെ സുധാകരന്‍

അതേസമയം തെക്കൻ കേരളത്തെ കുറ്റപ്പെടുത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ കെ സുധാകരൻ പിന്‍വലിച്ച് ക്ഷമ ചോദിച്ചിരുന്നു. നാട്ടില്‍ പ്രചാരത്തിലുള്ള കഥയാണ് പറഞ്ഞതെന്നും അതില്‍ ദുരുദ്ദേശമൊന്നുമില്ലെന്നുമാണ് സുധാകരന്‍റെ പക്ഷം. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ആ പരമാര്‍ശം പിന്‍വലിക്കുകയാണെന്നും കെ സുധാകരന്‍ അറിയിക്കുകയായിരുന്നു.