ഹരിയാനയിൽ മനോഹർ ലാൽ ഖട്ടർ തന്നെ മുഖ്യമന്ത്രി, ദീപാവലി ദിവസം രണ്ടാമൂഴത്തിലേക്ക്

By Web TeamFirst Published Oct 26, 2019, 1:35 PM IST
Highlights

ദുഷ്യന്ത് ചൗട്ടാലയുമായി സഖ്യധാരണയുറപ്പിച്ച ആത്മവിശ്വാസത്തിലാണ് മനോഹർ ലാൽ ഖട്ടർ രണ്ടാം വട്ടം മുഖ്യമന്ത്രിയാകാനൊരുങ്ങുന്നത്. 48 മണിക്കൂർ കൊണ്ട് ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഉപമുഖ്യമന്ത്രി പദം നൽകി ഡീലുറപ്പിച്ചു ബിജെപി. 

ചണ്ഡീഗഢ്: ദീപാവലി ദിവസമായ ഞായറാഴ്ച സത്യപ്രതിജ്ഞ നടത്താൻ ഒരുങ്ങി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഫലം വന്നപ്പോൾ തൂക്കു മന്ത്രിസഭയാകുമെന്ന വിലയിരുത്തലായിരുന്നെങ്കിലും ജൻനായക് ജനതാ പാർട്ടിയുടെ അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഉപമുഖ്യമന്ത്രി പദം നൽകി അർധരാത്രിയും ചർച്ച നടത്തി 48 മണിക്കൂർ കൊണ്ട് ഡീലുറപ്പിച്ചു അമിത് ഷായും ബിജെപിയും. 

ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ നേതാവായി മനോഹർ ലാൽ ഖട്ടറിനെ ഏകകണ്ഠമായി തെരഞ്ഞ‌െടുത്തു. ഗവർണർ സത്യദേവ് നരെയ്ൻ ആര്യയെ കണ്ട് സർക്കാർ രൂപീകരിക്കാൻ ഖട്ടർ ഇന്ന് തന്നെ അവകാശമുന്നയിക്കും. കേന്ദ്രനിരീക്ഷകരായി ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും, ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗും ചേർന്നാണ് ഈ പ്രഖ്യാപനം നടത്തിയത്.

തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകളെയും നിരീക്ഷകരെയും ഞെട്ടിച്ച് ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹരിയാനയിൽ നടന്നത്. 90 സീറ്റുകളുള്ള ഹരിയാന നിയമസഭയിൽ കേവലഭൂരിപക്ഷം തികയ്ക്കാൻ 46 സീറ്റ് വേണം. കാടിളക്കി പ്രചാരണം നടത്തിയിട്ടും അത് ബിജെപിക്ക് കിട്ടിയില്ല. ആകെ കിട്ടിയത് 40 സീറ്റ്. കഴിഞ്ഞ തവണത്തേതിനേക്കാൾ ഏഴ് സീറ്റ് കുറവ്. കോൺഗ്രസ് നേട്ടമുണ്ടാക്കുക തന്നെ ചെയ്തു. 31 സീറ്റുകൾ കിട്ടി. കഴിഞ്ഞ തവണത്തേതിനേക്കാൾ 16 സീറ്റ് കൂടുതൽ. ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയ്ക്ക് കഴിഞ്ഞ തവണ ഒരു സീറ്റും കിട്ടിയിരുന്നില്ല. പക്ഷേ, ഇത്തവണ കിംഗ് മേക്കറായി ഉയരാനായി. 10 സീറ്റ് കിട്ടി. ഐഎൻഎൽഡി - അകാലിദൾ സഖ്യത്തിന് ആകെ കിട്ടിയത് ഒരു സീറ്റാണ്. കനത്ത തിരിച്ചടി. കഴിഞ്ഞ തവണ 20 സീറ്റ് കിട്ടിയ ഇടത്താണ് ഇതെന്നോർക്കണം. സ്വതന്ത്രരായ എട്ട് പേർ ജയിച്ചതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇതിൽ ഏഴ് പേരും നിലവിൽ സർക്കാർ രൂപീകരിക്കുമെന്നുറപ്പായ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

 

<div style="visibility: hidden" overflow tabindex=0 role=button aria-label="Loading..." placeholder>Loading...</div>

click me!