മനുസ്മൃതി നിയമപുസ്തകമല്ല, ഭാവനയ്ക്ക് അനുസരിച്ച് വ്യാഖ്യാനിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

By Web TeamFirst Published Nov 11, 2020, 1:13 PM IST
Highlights

സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാളവന്‍റെ പ്രസംഗം. ഇതിന് പിന്നാലെ നിരവധി പ്രതിഷേധങ്ങളാണ് തിരുമാളവന് എതിരെ തമിഴ്നാട്ടില്‍ നടന്നത്. 

ചെന്നൈ: മനുസ്മൃതി ഒരു നിയമ പുസ്തകമല്ലെന്നും ഭാവനയ്ക്ക് അനുസരിച്ച് വ്യത്യസ്തമായ രീതിയില്‍ വ്യാഖ്യാനിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും മദ്രാസ് ഹൈക്കോടതി. മനുസ്മൃതിയെ അപമാനിക്കുന്ന രീതിയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്സഭാ എംപിയും വിസികെ നേതാവുമായ തിരുമാവളവന്‍റെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് മദ്രാസ് കോടതിയുടെ നിരീക്ഷണം. ഈ ആവശ്യവുമായെത്തിയ പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. ജസ്റ്റിസ് എം സത്യനാരായണന്‍, ജസ്റ്റിസ് ആര്‍ ഹേമലത എന്നിവരുടെ ബെഞ്ചിന്‍റേതാണ് തീരുമാനമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നേരത്തെ ഒരു വെബിനാറിനിടെ മനുസ്മൃതിയിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും നിരോധിക്കണമെന്നും തിരുമാവളവന്‍ ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാളവന്‍റെ  പ്രസംഗം. ഇതിന് പിന്നാലെ നിരവധി പ്രതിഷേധങ്ങളാണ് തിരുമാളവന് എതിരെ തമിഴ്നാട്ടില്‍ നടന്നത്. 

മനുസ്മൃതിയെ തിരുമാളവന്‍ തന്‍റേതായ രീതിയില്‍ വ്യാഖ്യാനിച്ചു. അതില്‍ നമ്മുക്ക് എന്ത് ചെയ്യാന്‍ സാധിക്കും? എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും കോടതി തിങ്കളാഴ്ച നിരീക്ഷിച്ചു. എന്ത് അടിസ്ഥാനത്തിലാണ് തിരുമാവളവന്‍റെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കുകയെന്നും കോടതി ചോദിച്ചു. ക്രമസമാധാനം സംസ്ഥാനത്തെ ബാധിക്കുന്ന വിഷയമാണെന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉത്തരവാദിത്തതോടെ പെരുമാറണമെന്നും കോടതി വിലയിരുത്തിയ ശേഷമാണ് ഹര്‍ജി തള്ളിയത്. 

click me!