മായാത്ത മുദ്രപതിപ്പിച്ച അതികായനെന്ന് മോദി, ഒരു കാലഘട്ടത്തിന്‍റെ അവസാനമെന്ന് കോവിന്ദ്, അനുശോചിച്ച് പ്രമുഖര്‍

By Web TeamFirst Published Aug 31, 2020, 6:30 PM IST
Highlights

ഒരു കാലഘട്ടത്തിന്‍റെ അവസനമെന്നും ഞെട്ടിപ്പിക്കുന്ന വിയോഗമെന്നും രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. നഷ്ടമായത് മികച്ച രാഷ്ട്രതന്ത്രജ്ഞനെയെന്നായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രതികരണം. 

ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. വികസന കുതിപ്പില്‍ മായാത്ത മുദ്ര പതിപ്പിച്ച അതികായനാണ് പ്രണബ് മുഖര്‍ജിയെന്നായിരുന്നു മോദിയുടെ ട്വീറ്റ്. പ്രണബിന്‍റെ അനുഗ്രഹം വാങ്ങുന്ന ചിത്രം പങ്കുവച്ചാണ് പ്രാധാന മന്ത്രി അനുശോചിച്ചത്.

ഒരു കാലഘട്ടത്തിന്‍റെ അവസാനമെന്നും ഞെട്ടിപ്പിക്കുന്ന വിയോഗമെന്നും രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. നഷ്ടമായത് മികച്ച രാഷ്ട്രതന്ത്രജ്ഞനെയെന്നായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രതികരണം. നികത്താനാവാത്ത വിടവെന്ന് അമിത് ഷായും പാർലമെന്‍ററി, ഭരണതലങ്ങളിൽ സമാനതകളില്ലാത്ത പ്രതിഭയായിരുന്നു പ്രണബ് മുഖർജിയെന്ന് സ്പീക്കർ ഓം ബിർലയും അനുസ്‍മരിച്ചു. രാജ്യത്തിനൊപ്പം പ്രണബ് മുഖര്‍ജിക്ക് ആദരം അര്‍പ്പിക്കുന്നെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രണബ് മുഖര്‍ജിയുടെ സുഹൃത്തുക്കളുടെയും കുടുംബത്തിന്‍റെയും ദുഖത്തില്‍ പങ്കു ചേരുന്നതായും രാഹുല്‍ ഗാന്ധി. 

ഇന്ന് വൈകിട്ടോടെയാണ് ദില്ലിയിലെ ആർമി റിസർച് ആന്‍റ് റെഫറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന  പ്രണബ് മുഖര്‍ജിയുടെ മരണം സ്ഥിരീകിരിച്ചത്. അദ്ദേഹത്തിന്‍റെ മകൻ അഭിജിത് മുഖർജിയാണ് മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. അരനൂറ്റാണ്ടു കാലത്തെ ഇന്ത്യയുടെ അധികാര രാഷ്ട്രീയ ചരിത്രം എഴുതുമ്പോൾ മായ്ച്ചുകളയാനാകാത്ത സംഭാവനകൾ നല്‍കിയാണ് പ്രണബ് ദാ എന്ന പ്രണബ് മുഖർജി അരങ്ങൊഴിയുന്നത്. പ്രധാനമന്ത്രി പദം രണ്ടു തവണ നഷ്ടമായപ്പോഴും മര്യാദകൾ ലംഘിക്കാതെ ജനസേവനം തുടർന്നാണ് പ്രണബ് ഒടുവിൽ രാഷ്ട്രത്തിൻറെ ആദ്യ പൗരനായി ഉയർന്നത്. ഭരണചാതുര്യവും പ്രായോഗിക രാഷ്ട്രീയവും സമന്വയിക്കുന്ന പ്രണബ് മുഖർജിയുടെ മാർഗ്ഗനിർദ്ദേശങ്ങളാണ് ഇന്ത്യയ്ക്ക് ഇന്നുമുതൽ നഷ്ടമാകുന്നത്.
 

click me!