കൊല ചെയ്തത് 30 പൊലീസുകാരെ, 46 കേസുകളിലെ പ്രതി; കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവിനെ പിടികൂടി പൊലീസ്

By Web TeamFirst Published Aug 24, 2021, 1:40 PM IST
Highlights

പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ച് മൃതദേഹം എടുക്കാനെത്തുന്നവരേയും അപായപ്പെടുത്താന്‍ ശ്രമിച്ച മാവോയിസ്റ്റ് നേതാവ് രമേഷ് ഗഞ്ജുവെന്ന ആസാദാണ് പിടിയിലായത്. 

ജാര്‍ഖണ്ഡിലും ബിഹാറിലുമായി മുപ്പത് പൊലീസുകാരെ കൊലപ്പെടുത്തിയ  മാവോയിസ്റ്റ് നേതാവ് പിടിയിലായി. പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ച് മൃതദേഹം എടുക്കാനെത്തുന്നവരേയും അപായപ്പെടുത്താന്‍ ശ്രമിച്ച മാവോയിസ്റ്റ് നേതാവ് രമേഷ് ഗഞ്ജുവാണ് പൊലീസ് പിടിയിലായത്. ആസാദ് എന്ന പേരിലായിരുന്നു ഇയാള്‍ മാവോയിസ്റ്റുകള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ജാര്‍ഖണ്ഡിലും ബിഹാറിലുമായി 46 കേസുകളില്‍ ആസാദ് പ്രതിയാണ്.

രഹസ്യവിവരത്തേത്തുടര്‍ന്ന് ഛത്രയില്‍ വച്ചാണ് ഇയാള്‍ പൊലീസ് പിടിയിലായത്. സുരക്ഷാ സേനയ്ക്കെതിരായ പെട്ടന്നുള്ള ആക്രമണങ്ങളില്‍ നിര്‍ണായക പങ്കായിരുന്നു ആസാദ് എന്ന ഗഞ്ജു വഹിച്ചിരുന്നത്. 15 ലക്ഷം രൂപ ഇനാമാണ് ഇയാള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ലെവിയായി പിരിച്ചെടുത്ത ഒന്നരലക്ഷം രൂപയും പൊലീസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ലവാലോങ്, ഛത്ര മേഖലയില്‍ പ്രവര്‍ത്തിക്കാനായി കൂടുതല്‍ ആളുകളെ സംഘത്തിലേക്ക് കണ്ടെത്താനായി എത്തിയതായിരുന്നു ഗഞ്ജു.

ബുധനാഴ്ച ആരംഭിച്ച തെരച്ചിലിനൊടുവില്‍ വ്യാഴാഴ്ച കനത്ത ഏറ്റുമട്ടല്‍ നടത്തിയ ശേഷമാണ് പൊലീസിന് ഇയാളെ പിടികൂടാനായത്. പ്രദ്യുമ്നന്‍ ശര്‍മ എന്ന മാവോയിസ്റ്റ് നേതാവിനേയും പൊലീസ് പിടികൂടി. കുന്ദന്‍, സാകേത് എന്നീ പേരുകളില്‍ അറിയപ്പെടുന്ന കുപ്രസിദ്ധ മാവോയിസ്റ്റാണ് പ്രദ്യുമ്നന്‍ ശര്‍മ. 25 ലക്ഷം രൂപയാണ് ഇയാള്‍ക്ക് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ഇനാം. ബിഹാര്‍ ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലായി 90 കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സിപിഐ മാവോയിസ്റ്റ് സ്പെഷൽ ഏരിയ കമ്മിറ്റിയിലെ  അംഗമാണ് ഇയാള്‍. സേനാംഗങ്ങള്‍ അടക്കമുള്ളവരെ തട്ടിക്കൊണ്ടുപോയി വിലപേശുന്നതില്‍ പ്രധാനിയാണ് ഇയാളെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!