
റായ്പൂർ: ഛത്തീസ്ഗഡിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ഒഡീഷ അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരിൽ പൊലീസ് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റുമുണ്ട്. ഏറ്റുമുട്ടലിൽ ഒരു ജവാന് പരിക്കേറ്റു.
ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), ഛത്തീസ്ഗഡിൽ നിന്നുള്ള കോബ്ര, ഒഡീഷയിൽ നിന്നുള്ള സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) എന്നീ സംയുക്ത സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഒഡീഷയിലെ നുവാപാഡ ജില്ലയുടെ അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയുള്ള ഛത്തീസ്ഗഡിലെ കുളാരിഘട്ട് റിസർവ് വനത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. തോക്കുകളും വെടിക്കോപ്പുകളും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി സേന അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
മാവോയിസ്റ്റുകളുടെ കേന്ദ്ര കമ്മിറ്റിയിലെ മുതിർന്ന അംഗമായിരുന്ന ചലപതിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ചലപതിയെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ഒരു കോടി രൂപ നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2024ൽ ഛത്തീസ്ഗഡിൽ മാത്രം സുരക്ഷാ സേന 200-ലധികം മാവോയിസ്റ്റുകളെ വധിച്ചു.
2026 മാർച്ചോടെ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച അമിത് ഷാ, ഏറ്റുമുട്ടലിനെ നക്സലിസത്തിനേറ്റ മറ്റൊരു ശക്തമായ പ്രഹരം എന്ന് വിശേഷിപ്പിച്ചു. നക്സൽ രഹിത ഭാരതം കെട്ടിപ്പടുക്കാനുള്ള ദൌത്യത്തിൽ നമ്മുടെ സുരക്ഷാ സേന വലിയ വിജയം കൈവരിച്ചു. ഒഡീഷ - ഛത്തീസ്ഗഡ് അതിർത്തിയിൽ സിആർപിഎഫ്, എസ്ഒജി ഒഡീഷ, ഛത്തീസ്ഗഡ് പൊലീസ് എന്നിവയുടെ സംയുക്ത ഓപ്പറേഷനിൽ 14 നക്സലൈറ്റുകളെ കൊലപ്പെടുത്തി എന്നാണ് അമിത് ഷാ സമൂഹ മാധ്യമത്തിൽ കുറിച്ചത്.
ഏറ്റുമുട്ടൽ: 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam