ബിജെപി നേതാവിന്റെ വീട് മാവോയിസ്റ്റുകൾ ബോംബിട്ട് തകര്‍ത്തു

By vishnu kvFirst Published Mar 28, 2019, 3:05 PM IST
Highlights

ബീഹാറിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് മുൻ എംഎൽസിയുടെ വീട് മാവോയിസ്റ്റുകൾ ബോംബിട്ട് തകര്‍ത്തു

പാറ്റ്ന: ബീഹാറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണം എന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകൾ മുൻ എംഎൽസിയുടെ വീട് ബോംബിട്ട് തകര്‍ത്തു. ബിജെപി നേതാവ് അനുജ് കുമാറി സിങിന്റെ വീടിന് നേരെയാണ് ആക്രമണം നടത്തിയത്. ഗയയിലെ ജില്ലാ ആസ്ഥാനത്ത് നിന്നും 80 കിലോമീറ്റ‍ര്‍ അകലെ ബോധിബിഗ എന്ന ഗ്രാമത്തിലാണ് സംഭവം.

അക്രമികൾ അനുജ് കുമാര്‍ സിങിന്റെ അമ്മാവനെയും കുടുംബാംഗങ്ങളെയും മര്‍ദ്ദിച്ചവശരാക്കി. അക്രമികളെ തടയാനെത്തിയ അയൽവാസികളെ മാവോയിസ്റ്റ് സംഘം ഭയപ്പെടുത്തിയ ശേഷമാണ് സ്ഥലം വിട്ടത്. മഗധ് പ്രദേശത്ത് നടക്കുന്ന വോട്ടെടുപ്പിൽ ആരും വോട്ട് ചെയ്യാൻ പോകരുതെന്നാണ് ഭീഷണി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ മുദ്രാവാക്യം മുഴക്കിയ സംഘം ഇവിടെയുണ്ടായിരുന്ന യുവാക്കളോട് രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കരുതെന്ന് അറിയിച്ചു. 

ഇതാദ്യമായല്ല അനുജ് കുമാര്‍ സിങ് ആക്രമിക്കപ്പെടുന്നത്. മുൻപ് 2007 ലും സമാനമായ ആക്രമണം മാവോയിസ്റ്റുകള്‍ നടത്തിയിരുന്നു. സിങിന്റെ പേഴ്സണൽ അസിസ്റ്റന്റാണ് അന്ന് ആക്രമിക്കപ്പെട്ടത്. ഇദ്ദേഹത്തെ പൊതുജനങ്ങളുടെ മധ്യത്തിലിട്ട് തല്ലിച്ചതച്ച ശേഷമാണ് മാവോയിസ്റ്റുകൾ സ്ഥലംവിട്ടത്.

 

click me!