മാവോയിസ്റ്റുകള്‍ക്കിടയിലും കൊവിഡ്; നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published May 12, 2021, 1:05 PM IST
Highlights

നൂറുകണക്കിന് മാവോയിസ്റ്റുകള്‍ക്ക് രോഗം ബാധിച്ചതായി ബസ്തര്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം ഇവര്‍ക്ക് ഭക്ഷണവും മരുന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
 

റായ്പുര്‍: രാജ്യത്താകമാനം വീശിയടിക്കുന്ന കൊവിഡ് രണ്ടാം തരംഗത്തില്‍ മാവോയിസ്റ്റുകള്‍ക്കും അടിപതറുന്നതായി റിപ്പോര്‍ട്ട്. കൃത്യമായ മരുന്നോ ഭക്ഷണമോ ഇല്ലാതെ കൊവിഡ് ബാധിച്ച മാവോയിസ്റ്റ് നേതാക്കളടക്കം നിരവധി പേര്‍ മരിച്ചെന്ന് മാവോയിസ്റ്റുകളുടെ കത്തിനെയും പൊലീസിനെയും ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ നൂറുകണക്കിന് മാവോയിസ്റ്റുകള്‍ക്ക് രോഗം ബാധിച്ചതായി ബസ്തര്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം ഇവര്‍ക്ക് ഭക്ഷണവും മരുന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.

മാവോയിസ്റ്റ് പ്രവര്‍ത്തക വനിതാ നേതാവിന് എഴുതിയെന്ന് പൊലീസ് പറയുന്ന കത്ത്

കീഴടങ്ങുന്നവര്‍ക്ക് സൗജന്യ ചികിത്സയും പൊലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബസ്തറിലെ വനമേഖലയില്‍ രോഗബാധയേറ്റ് മരിച്ച 10 പേരെ സംസ്‌കരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി പ്രവര്‍ത്തകര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് വനിതാ നേതാവിന് മാവോയിസ്റ്റ് എഴുതിയ കത്താണ് പൊലീസ് കണ്ടെടുത്തത്. ഈ കത്ത് ബസ്തര്‍ ഐജി പി സുന്ദര്‍രാജ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.

രോഗബാധയെ തുടര്‍ന്ന് നിരവധി പേര്‍ സംഘടന വിട്ടെന്നും പൊലീസ് പറയുന്നു. ഉന്നത നേതാക്കള്‍ക്കടക്കം 200ഓളം മാവോയിസ്റ്റുകള്‍ക്ക് രോഗം ബാധിച്ചെന്ന് പൊലീസ് പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!