
ലഖ്നൗ: കാമുകനുമൊത്ത് ഹോട്ടൽമുറിയിലിരിക്കെ ഭർത്താവ് എത്തിയതിനെ തുടർന്ന് താഴത്തെ നിലയിലെ മേൽക്കൂരയിൽ നിന്ന് എടുത്തു ചാടി രക്ഷപ്പെട്ട് യുവതി. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ബറാത്തിലാണ് സംഭവം. വീഡിയോ വ്യാപകമായി പ്രചരിച്ചു. ബറാവുത് പട്ടണത്തിലെ ചപ്രൗളി റോഡിലുള്ള ഒരു ഹോട്ടലിൽ തിങ്കളാഴ്ചയാണ് സംഭവം. യുവതി തന്റെ കാമുകനൊപ്പം ഹോട്ടലിൽ എത്തി. എന്നാൽ ഇരുവരുമറിയാതെ ഭർത്താവും ഭർതൃവീട്ടുകാരും ഇരുവരെയും പിന്തുടർന്ന് ഹോട്ടലിലെത്തി.
ഹോട്ടലിൽ വെച്ച് ഭർത്താവിനെ കണ്ടയുടനെ പരിഭ്രാന്തയായ സ്ത്രീ ഹോട്ടൽ മേൽക്കൂരയിൽ നിന്ന് 12 അടി താഴേക്ക് ചാടി ഓടി രക്ഷപ്പെട്ടു. എന്നാൽ, കാമുകനായ ശോഭിത്തിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. 2019ലാണ് യുവതി വിവാഹിതയായത്. ബന്ധത്തിൽ ഒരുകുട്ടിയുണ്ട്. ഭാര്യയുടെ പ്രണയ ബന്ധത്തെ തുടർന്ന് ദാമ്പത്യത്തിൽ വിള്ളലുകളുണ്ടായിരുന്നു. സംഭവം നടന്ന ദിവസം, ദമ്പതികൾ എസ്പി ഓഫീസിലെ കൗൺസിലിംഗ് സെഷനിൽ പങ്കെടുത്തിരുന്നു.
എന്നാൽ, അതേ ദിവസം തന്നെയാണ് യുവതി ഭർത്താവിന്റെ കണ്ണുവെട്ടിച്ച് കാമുകനൊപ്പം മുങ്ങിയത്. വിവാഹത്തിന് മുമ്പ് ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി അടുപ്പത്തിലായിരുന്നുവെന്നും ആ ബന്ധങ്ങൾ തുടർന്നതായും ഭർത്താവ് പരാതിയിൽ ആരോപിച്ചു. തുഗാന ഗ്രാമത്തിലെ ഒരു യുവാവാണ് ഹോട്ടൽ വാടകയ്ക്ക് നടത്തിയിരുന്നതെന്നും അയാളെയും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച്ചുവരികയാണെന്നും ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യ കള്ളക്കേസുകൾ ചുമത്തി ഭീഷണിപ്പെടുത്താറുണ്ടെന്നും എതിർത്താൽ കൊല്ലുമെന്ന് പോലും ഭീഷണിപ്പെടുത്തിയിരുന്നതായും ഭർത്താവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.