
നോർത്ത് അമേരിക്കയില് കുടുങ്ങിയ ഷെയ്ഖ് ഹസൻ ഖാൻ സുരക്ഷിത കേന്ദ്രത്തിലെത്തി. സഹായിച്ചവർക്ക് നന്ദി പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും എംപിമാരായ ആന്റോ ആന്റണിയോടും ശശിതരൂരിനോടും മറ്റുള്ള എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും ഷെയ്ഖ് ഹസൻ ഖാൻ പറഞ്ഞു.
അമേരിക്കയിലെ ദെനാലി പർവതത്തിലെ ക്യാമ്പ് അഞ്ചിൽ എത്തിയതിന് ശേഷം തിരിച്ചുപോരാനിനിരിക്കെയാണ് കുടുങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ പർവതാരോഹകയായ മുത്തമിഴ് ശെൽവിയോടൊപ്പമായിരുന്നു കൊടുമുടി കയറിയത്. താൻ രണ്ടാം തവണയാണ് ദെനാലി പർവതം കയറുന്നത്. മുത്തമിഴ് സെൽവിക്ക് കൂട്ടായാണ് എത്തിയത്. 17000 അടി ഉയരത്തിലുള്ള ക്യാമ്പ് അഞ്ചിൽ എത്തിയ ശേഷം തിരിച്ചിറങ്ങാനായപ്പോൾ കാറ്റടിച്ച് തുടങ്ങി. ഒരുതരത്തിലും ഇറങ്ങാനാകാത്ത കാറ്റ് മൂന്ന് ദിവസം വീശി. ഇതിനിടയിൽ മുത്തമിഴ് ശെൽവി തളർന്നു. ഭക്ഷണം കഴിക്കാത്ത അവസ്ഥയിലായി. കൈയിലുള്ള ഭക്ഷണം തീരാറായപ്പോഴാണ് സാറ്റ്ലൈറ്റ് ഫോണിൽ സുഹൃത്തുക്കളെ ബന്ധപ്പെടാൻ ശ്രമിച്ചത്. സ്പാം കോളാണെന്ന് കരുതി ആരും ഫോണെടുത്തില്ല. ഒടുവിൽ മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിമാണ് ഫോൺ എടുത്തത്.
സംഭവം വാർത്തയായതോടെ മുഖ്യമന്ത്രിയും എംപിയുമെല്ലാം ഇടപെട്ടു. കോൺസുലേറ്റും രംഗത്തെത്തി. നമ്മുടെ രാജ്യത്തിന്റെ പവർ അപ്പോഴാണ് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഇത്രയധികം ആളുകൾ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. കാലിൽ ചെറിയ മുറിവുകളൊഴിച്ച് മറ്റ് പ്രശ്നങ്ങളില്ലെന്നും 15 ദിവസത്തിനുള്ളിൽ നാട്ടിലെത്തുമെന്നും എല്ലാവരോടും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.