
ജയ്‌പൂർ: രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ ജായൽ ഉപഖണ്ഡിലെ മാങ്‌ലോദ് ഗ്രാമത്തിൽ വിവാഹിതയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കൊലക്കുറ്റം ചുമത്തി. മരിച്ച സവിതയുടെ കുടുംബം ഭർത്താവ്, അമ്മായിയപ്പൻ, അമ്മായിയമ്മ എന്നിവർക്കെതിരെ കൊലപാതക ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. സവിതയെ കൊലപ്പെടുത്തി ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 18ന് സവിത അമ്മയുമായി സംസാരിച്ചിരുന്നു. ഇനി തനിക്ക് സഹിക്കാൻ കഴിയില്ലെന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ സഹോദരനെ അയക്കണമെന്നും സവിത അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ, അടുത്ത ദിവസം സഹോദരൻ സവിതയെ കൂട്ടിക്കൊണ്ടുപോകാൻ മാങ്‌ലോദിലെത്തിയപ്പോൾ മരണവാർത്തയാണ് അറിഞ്ഞത്. കഴിഞ്ഞ ആറ് മാസമായി സ്ത്രീധനത്തിൻ്റെ പേരിൽ സവിതയെ ഭർതൃവീട്ടുകാർ നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
സവിതയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ, വിവാഹ സമയത്ത് സ്ത്രീധനമായി ബലേനോ കാർ, 20 പവൻ സ്വർണം, ഒരു വസ്തു, 5 ലക്ഷം രൂപ പണമായും നൽകിയിരുന്നതായി പറയുന്നു. എങ്കിലും, ഭർത്താവ് നിതിൻ ഏറെ നാളായി കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഫോർച്യൂണർ കാർ, 70 പവൻ സ്വർണം, 21 ലക്ഷം രൂപ എന്നിവ അധിക സ്ത്രീധനമായി നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഈ പീഡനങ്ങളാണ് സവിതയുടെ മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam