ആരെ വിവാഹം കഴിയ്ക്കണമെന്നത് മൗലികവാകാശം: കര്‍ണാടക ഹൈക്കോടതി

By Web TeamFirst Published Dec 2, 2020, 9:04 AM IST
Highlights

വ്യക്തിപരമായ ബന്ധങ്ങളിലെ സ്വാതന്ത്ര്യം രണ്ട് വ്യക്തികള്‍ തമ്മിലുള്ള കാര്യമാണ്. ജാതിക്കോ മതത്തിനോ അതില്‍ ഇടപെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
 

ബെംഗളൂരു: പ്രായപൂര്‍ത്തിയായ വ്യക്തിക്ക് ആരെ വിവാഹം കഴിയ്ക്കണമെന്നുള്ളത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണെന്ന് കര്‍ണാടക ഹൈക്കോടതി. ദില്ലി, അലഹാബാദ് ഹൈക്കോടതി വിധികള്‍ക്ക് പിന്നാലെയാണ് കര്‍ണാടക ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിപ്പിച്ചത്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ് വെയര്‍ ജീവനക്കാരുടെ കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് എസ് സുജാത, സചിന്‍ ശങ്കര് മഗദും എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വ്യക്തിപരമായ ബന്ധങ്ങളിലെ സ്വാതന്ത്ര്യം രണ്ട് വ്യക്തികള്‍ തമ്മിലുള്ള കാര്യമാണ്. ജാതിക്കോ മതത്തിനോ അതില്‍ ഇടപെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ജി രമ്യ എന്ന യുവതിയെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപിച്ച് കൂടെ ജോലി ചെയ്യുന്ന എച്ച് ബി വാജീദ് ഖാന്‍ എന്നായാളാണ് കോടതിയെ സമീപിച്ചത്. നവംബര്‍ 27ന് ചന്ദ്ര ലേ ഔട്ട് പൊലീസ് രമ്യ, മാതാപിതാക്കളായ ഗംഗാധര്‍, ഗിരിജ, വാജീദ് ഖാന്‍, അമ്മ ശ്രീലക്ഷ്മി എന്നിവരെ കോടതിയില്‍ ഹാജരാക്കി.

വാജീദിനെ വിവാഹം കഴിക്കുന്നതിനെ തന്റെ മാതപിതാക്കള്‍ എതിര്‍ക്കുകയാണെന്നും തടഞ്ഞുവെച്ചിരിക്കുകയാണെന്നും രമ്യ കോടതിയില്‍ പറഞ്ഞു. വാജീദ് ഖാന്‍ രമ്യയെ വിവാഹം ചെയ്യുന്നിനോട് തനിക്ക് എതിര്‍പ്പില്ലെന്ന് വാജീദ് ഖാന്റെ അമ്മ ശ്രീലക്ഷ്മി പറഞ്ഞു. എന്നാല്‍ രമ്യയുടെ മാതാപിതാക്കള്‍ അനുവദിക്കുന്നില്ലെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി. രമ്യ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ജീവിതത്തെക്കുറിച്ചുള്ള തീരുമാനമെടുക്കാന്‍ അവര്‍ക്ക് പ്രാപ്തിയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
 

click me!