
ദില്ലി: ഒരാൾ ഒറ്റക്ക് കാറില്‍ യാത്ര ചെയ്യുകയാണെങ്കിലും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്ന് ദില്ലി ഹൈക്കോടതി. പൊതുവിടത്തിലെ എല്ലാ വാഹനങ്ങൾക്കും കൊവിഡ് മാനദണ്ഡങ്ങൾ ബാധകമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. മാസ്ക് ധരിച്ച വ്യക്തിക്കും അവരുടെ ചുറ്റുമുള്ളവർക്കും സുരക്ഷാ കവചമാണിതെന്നും കോടതി വ്യക്തമാക്കി. ഒറ്റക്ക് വാഹനമോടിക്കുമ്പോൾ മാസ്ക് ധരിക്കുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൻ മേലാണ് ദില്ലി ഹൈക്കോടതി ജഡ്ജി പ്രതിഭ എം സിംഗ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
''നിങ്ങൾ കാറിൽ തനിച്ചാണെങ്കിലും മാസ്ക് ധരിക്കുന്നതിനെ എന്തിനാണ് എതിർക്കുന്നത്? നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണിത്.'' ജഡ്ജി പറഞ്ഞു. മഹാമാരി ദിനംപ്രതി പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. വാക്സീൻ സ്വീകരിച്ചുകഴിഞ്ഞാലും മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. കൊവിഡിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ ആർക്കും സ്വീകരിക്കാവുന്ന ഏറ്റവും ചെറിയ കാര്യമാണിതെന്നും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെയും സർക്കാരിന്റെയും നിർദ്ദേശത്തെ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാണിച്ചു.
ട്രാഫിക് സിഗ്നലിന് സമീപം വാഹനം നിർത്തിയിട്ടിരിക്കുകയാണെങ്കിൽ ഡ്രൈവേഴ്സിന് വിൻഡോ താഴ്ത്തേണ്ട സാഹചര്യം വന്നേക്കാം. കൊറോണ വൈറസ് ബാധ ആർക്ക് വേണമെങ്കിലും സംഭവിക്കാമെന്നും കോടതി പറഞ്ഞു. മാസ്ക് ഇല്ലാതെ വാഹനമോടിച്ചതിന് ദില്ലി പൊലീസ് 500 രൂപ പിഴയീടാക്കിയ സംഭവത്തെ ചോദ്യം ചെയ്ത് അഭിഭാഷകനായ സൗരഭ് ശർമ്മയുൾപ്പെടെ മൂന്നു പേർ കോടതിയിൽ ഹർജി നൽകിയിരുന്നു.
ഒറ്റക്ക് വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കണമെന്ന് നിയമം പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ നിയമം നിർമ്മിക്കാനും അത് നടപ്പിൽ വരുത്താനും ഓരോ സംസ്ഥാനത്തിനും അവകാശമുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ 1.15 ലക്ഷം കൊവിഡ് കേസുകളാണ് ഒരു ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.