'മസൂദ് അസര്‍ ജി' പരാമര്‍ശം ; രാഹുല്‍ മാപ്പ് പറയണമെന്ന് സ്മൃതി, മസൂദിനെ വിട്ടയച്ചതാരെന്ന് രാഹുല്‍

By Web TeamFirst Published Mar 12, 2019, 7:53 AM IST
Highlights

കാണ്ഡഹാർ വിമാനറാഞ്ചലിന് ശേഷം ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും സംഘവും മസൂദ് അസറിനെ അനുഗമിക്കുന്ന ചിത്രവും രാഹുൽ പുറത്തുവിട്ടു. പ്രസംഗത്തിൽ 'മസൂദ് അസർ ജി' എന്ന് രാഹുൽ പറയുന്ന വീഡിയോ പുറത്തുവിട്ടാണ് ബിജെപിയുടെ പരിഹാസം. 

ദില്ലി: പുല്‍വാമ അക്രമണത്തിന്‍റെ  ജയിഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ, മസൂദ് ജി എന്നു വിശേഷിപ്പിച്ച രാഹുൽ ഗാന്ധിയുടെ പ്രസംഗം വിവാദമായി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനീകരുടെ കുടുംബങ്ങളോട് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. മസൂദ് അസറിനെ വിട്ടയച്ചത് ആരെന്ന രാഹുലിൻറെ ചോദ്യത്തിന് ആദ്യം മറുപടി നല്കണമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. 

ബിജെപി ഭരണകാലത്താണ് മസൂദ് അസറിനെ വിട്ടയച്ചതെന്നായിരുന്നു രാഹുലിൻറെ പ്രസംഗം. കാണ്ഡഹാർ വിമാനറാഞ്ചലിന് ശേഷം ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും സംഘവും മസൂദ് അസറിനെ അനുഗമിക്കുന്ന ചിത്രവും രാഹുൽ പുറത്തുവിട്ടു. പ്രസംഗത്തിൽ 'മസൂദ് അസർ ജി' എന്ന് രാഹുൽ പറയുന്ന വീഡിയോ പുറത്തുവിട്ടാണ് ബിജെപിയുടെ പരിഹാസം. 

ഒസാമ ബിൻലാദനോടും ഹാഫിസ് സയ്യിദിനോടും ബഹുമാനം കാണിക്കുന്ന കോൺഗ്രസ്സ് പാരമ്പര്യം രാഹുൽ തുടരുന്നുവെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനീകരുടെ കുടുംബങ്ങളോട് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന്  മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. 

രാഹുലിന്റെ പ്രസംഗം ബിജെപി വളച്ചൊടിക്കുകയാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചു. മസൂദ് അസറിനെ മോചിപ്പിക്കാൻ അജിത് ഡോവൽ കാണ്ഡഹാറിലേക്ക് പോയിരുന്നോ, ഐഎസ്ഐയെ പത്താൻകോട്ടിലേക്ക് നരേന്ദ്രമോദി ക്ഷണിച്ചിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയാണ് വേണ്ടതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആവശ്യപ്പെട്ടു. 
 

click me!