
ദില്ലി: എത്യോപ്യയിൽ വൻ അഗ്നിപര്‍വത സ്ഫോടനം. 12000 വർഷമായി നിർജീവം ആയിരുന്ന ഹെയ്ലി ഗബ്ബി അഗ്നിപർവതമാണ് പൊട്ടിയത്. ജനവാസം ഇല്ലാത്ത മേഖല ആയതിനാൽ ആൾ നാശമില്ല. എന്നാൽ, അഗ്നിപർവതത്തിന്‍റെ കരിയും പുകയും കിലോമീറ്ററുകൾ ഉയരത്തിലും ദൂരത്തിലും പരക്കുകയാണ്. ഈ സാഹചര്യത്തിൽ എത്യോപ്യൻ വ്യോമമേഖലയിലൂടെ പോകുന്ന വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിക്കും. ഏഷ്യയിലെ വ്യോമ ഗതാഗതത്തെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. അഗ്നിപർവത ചാരവും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കിയേക്കാം.
അതിനാൽ ജാഗ്രത പാലിക്കാനാണ് വിമാന കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾക്ക് നിർദ്ദേശവുമായി ഡയറക്ടർ ജനറൽ ഓഫ് സിവില്‍ ഏവിയേഷൻ വാര്‍ത്താകുറിപ്പിറക്കി. പ്രശ്നങ്ങളുള്ള മേഖല ഒഴിവാക്കി പോകണമെന്നാണ് നിർദ്ദേശം. സ്ഥിതി പരിശോധിച്ചുവരുകയാണെന്ന് ഇന്‍ഡിഗോ അറിയിച്ചു. ദില്ലിയിൽ നിന്ന് പുറപ്പെടേണ്ട രണ്ട് അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ദില്ലിയിൽ നിന്ന് ആംസ്റ്റഡാമിലേക്കും ആംസ്റ്റഡാമിൽ നിന്ന് ദില്ലിയിലേക്കുമുള്ള രണ്ട് വിമാന സര്‍വീസുകളാണ് താത്കാലികമായി റദ്ദാക്കിയത്. കൊച്ചിയിൽ നിന്നും ദുബായിലേക്കുള്ള ഇന്‍ഡിഗോയുടെ വിമാനവും ജിദ്ദയിലേക്കുള്ള ആകാശ് എയര്‍ വിമാനവമാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച പകരം സര്‍വീസ് ഏര്‍പ്പെടുത്തുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. ആകാശ് എയര്‍ വിമാന സര്‍വീസ് എങ്ങനെ പുനക്രമീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. വിമാനം റദ്ദാക്കിയതോടെ ഉംറ തീര്‍ത്ഥാടകര്‍ അടക്കം വിമാനത്താവളത്തിൽ കുടുങ്ങി.
എത്യോപ്യയിൽ വടക്കൻ മേഖലയിലെ ഹയ്ലി ഗുബ്ബിയിൽ ഞായറാഴ്ചയാണ് അഗ്നിപര്‍വത സ്ഫോടനമുണ്ടായത്. ചാരവും പുകയും ചെങ്കടൽ കടന്ന് യെമനിലേക്കും ഒമാനിലേക്കും ഇതിനോടം എത്തിയിട്ടുണ്ട്. അഗ്നിപര്‍വത ചാരമേഖലം ഇന്ത്യയുടെ ചില ഭാഗങ്ങളിലേക്കും എത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അഗ്നിപർവത ചാരം നിറഞ്ഞ പ്രദേശവും നിശ്ചിത ഉയരത്തിലുള്ള വിമാന പാതകളും കർശനമായി ഒഴിവാക്കാനും ഫ്ലൈറ്റ് പ്ലാനിംഗ്, റൂട്ടിംഗ്, ഇന്ധനം എന്നിവയിൽ ആവശ്യമായ ക്രമീകരണം നടത്താനുമാണ് ഡിജിസിഎ വിമാനക്കമ്പനികളോട് നിര്‍ദേശിച്ചിരിക്കുന്നത്.
വിമാനത്തിന്‍റെ എഞ്ചിൻ പ്രവർത്തനത്തിലെ അപാകതകളോ ക്യാബിനിലെ പുകയോ ദുർഗന്ധമോ ഉൾപ്പെടെയുള്ള ഏതൊരു സാഹചര്യവും ഉടനടി റിപ്പോർട്ട് ചെയ്യാനും വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഗ്നിപർവത ചാരം വിമാനത്താവള പ്രവർത്തനങ്ങളെ ബാധിക്കുകയാണെങ്കിൽ, ബന്ധപ്പെട്ട ഓപ്പറേറ്റർമാർ റൺവേകൾ, ടാക്സിവേകൾ എന്നിവ ഉടൻ പരിശോധിക്കണമെന്ന് വ്യോമയാന ഏജൻസി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam