
ദില്ലി: കാണ്ഡഹാര്‍ വിമാന റാഞ്ചലിലെ മുഖ്യസൂത്രധാരനാണ് ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്ക് ദൗത്യത്തിൽ കൊല്ലപ്പെട്ട അബ്ദുൽ റൗഫ് അസര്‍. 2007 ഏപ്രിൽ മുതൽ ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദിന്‍റെ സുപ്രീം കമാന്‍ഡറായി പ്രവര്‍ത്തിക്കുന്ന അബ്ദുൽ റൗഫ് അസറിനെ 2010 ഡിസംബറിൽ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
കൊടും ഭീകരൻ മസൂദ് അസറിന്‍റെ സഹോദരനാണ് കൊല്ലപ്പെട്ട അബ്ദുൽ റൗഫ് അസർ. ഇന്ത്യൻ സൈന്യം പിടികൂടിയ മസൂദ് അസ്ഹറിനെ മോചിപ്പിക്കുന്നതിനായാണ് സഹോദരനായ അബ്ദുൽ റൗഫ് ഇന്ത്യൻ വിമാനം കാന്ധഹാറിലേക്ക് തട്ടിക്കൊണ്ട് പോയത്. മസൂദ് അസറിന്‍റെ കുടുംബത്തിലെ പത്തു പേരും അടുപ്പമുള്ള നാലു പേരും കൊല്ലപ്പെട്ടതായുള്ള വിവരം ഇന്നലെ പുറത്തുവന്നിരുന്നു. ഈ കൊല്ലപ്പെട്ടവരിൽ അബ്ദുൽ റൗഫ് അസറുമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മസൂദ് അസര്‍ ഒളിവിലേക്ക് മാറിയതിന് പിന്നാലെയാണ് അബ്ദുള്‍ റൗഫ് ജെയ്ഷെ മുഹമ്മദിന്‍റെ സുപ്രീം കമാന്‍ഡറായി ചുമതലയേറ്റത്. താലിബാൻ, അൽക്വയ്ദ അടക്കമുള്ള ഭീകര സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്ന കൊടും ഭീകരനാണ് അബ്ദുള്‍ റൗഫ്. പാക് അധികാരികളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഭീകരനാണ് അബ്ദുള്‍ റൗഫ്.
1994ലാണ് മസൂദ് അസര്‍ കശ്മീരിലെ ഹർക്കത്തുൽ അൻസാർ ഭീകരവാദികളുടെ ക്യാംപിൽ വെച്ച് പിടിയിലായത്. അഞ്ച് കൊല്ലത്തോളം ജയിലിലായിരുന്നു. തുരങ്കമുണ്ടാക്കി രക്ഷപ്പെടുന്നതിനിടെ പിടിയിലായെങ്കിലും കൂട്ടാളി വെടിയേറ്റ് മരിച്ചിരുന്നു. മസൂദിനെ രക്ഷിക്കാൻ താലിബാൻ പിന്തുണയോടെ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായി. ഈ ഗൂഢാലോചനയിലടക്കം അബ്ദുൽ റൗഫ് പങ്കാളിയായി. തുടര്‍ന്ന് അബ്ദുൽ റൗഫിന്‍റെ ആസൂത്രണത്തിൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചി കാന്ധഹാറിലെത്തിച്ചു. വിമാനം റാഞ്ചിയതോടെ മസൂദിനെയും മറ്റു മൂന്ന് കൂട്ടാളികളെയും അന്ന് ഇന്ത്യ കൈമാറി. ഇതിനുപിന്നാലെ 2000ൽ ജെയ്ഷെ മുഹമ്മദിന് മസൂദ് രൂപം കൊടുത്തു. തുടര്‍ന് മുഹമ്മദ് മസൂദ് ഒളിവിൽ പോയതോടെ സഹോദരൻ അബ്ദുൽ റൗഫ് ജെയ്ഷെ മുഹമ്മദിന്‍റെ സുപ്രീം കമാന്‍ഡറായി ചുമതലയേറ്റു.