
ദില്ലി: പാർലമെന്റ് ലോഗിൻ വിവരങ്ങൾ ഹിരാനന്ദാനി ഗ്രൂപ്പിന് കൈമാറിയത് രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് മഹു മൊയ്ത്രക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. മഹുവയെ പുറത്താക്കാൻ ശുപാർശ ചെയ്യുന്ന എത്തിക്സ് കമ്മറ്റി റിപ്പോർട്ടിൽ എംപിയെന്ന നിലയിൽ ഉപഹാരവും യാത്രാസൗകര്യങ്ങളും കൈപ്പറ്റിയത് തെറ്റെന്ന് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ പണം വാങ്ങിയെന്ന ആക്ഷേപം അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യമുന്നയിക്കുന്നു.
മഹുവ മെയ്ത്രക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ലോക് സഭയില്‍ വച്ചതിനെ തുടർന്ന് പ്രതിപക്ഷ ബഹളത്തിൽ സഭ സ്തംഭിച്ചു. ബഹളത്തെ തുടർന്ന് ലോക്സഭ 2 മണിവരെ നിർത്തിവെച്ചു. അതേ സമയം വസ്ത്രാക്ഷേപമാണ് നടന്നതെന്നും മഹാഭാരത യുദ്ധം കാണാനിരിക്കുന്നതേയുളളു എന്നുമായിരുന്നു മഹുവയുടെ പ്രതികരണം. എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് കയ്യിൽ കിട്ടിയിട്ടില്ലെന്നും മഹുവ മൊയ്ത്ര അറിയിച്ചു.
അയോഗ്യയാക്കി പുറത്താക്കിയാല്‍ ഇനി ഈ സഭയുടെ നടപടികളില്‍ മഹുവ മൊയ്ത്രക്ക് പങ്കെടുക്കാനാവില്ല. എന്നാല്‍ വരുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസമില്ല. നടപടിയെ നേരിടാന്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്യാം. പരാതിക്കാരായ നിഷികാന്ത് ദുബൈ എംപി, ആനന്ദ് ദെഹദ്രായി തുടങ്ങിയവരെ വിസ്തരിക്കാന്‍ അവസരം നൽകണമെന്ന മഹുവയുടെ ആവശ്യം സമിതി അംഗീകരിച്ചിരുന്നില്ല. മാത്രമല്ല ഹിയറിംഗിനിടെ എത്തിക്സ് കമ്മിറ്റി ചെയര്‍മാനെതിരെ പൊട്ടിത്തെറിച്ച് ഇറങ്ങി വന്ന മഹുവയെ തുടര്‍ന്ന് കേള്‍ക്കാനും സമിതി തയ്യാറായിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam