
ദില്ലി: ഉത്തര്‍പ്രദേശിലും ദേശീയ രാഷ്ട്രീയത്തിലും തിളങ്ങി നിന്ന മായാവതി ഈ ലോക്സഭ തെരഞ്ഞെടുപ്പില്‍ ചിത്രത്തിലേയില്ല. എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളുണ്ടെങ്കിലും പ്രചാരണത്തില്‍ മായാവതി സജീവമല്ല. മുഖ്യമന്ത്രി കൂടിയായിരുന്ന മായാവതിയെ കണ്ട കാലം മറന്നെന്നാണ് വോട്ടര്‍മാര്‍ ഉത്തര്‍പ്രദേശില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
കൊട്ടാരമെന്ന് വിളിക്കാവുന്ന ലക്നൗവിലെ വീട്ടില്‍ മായാവതിയുണ്ട്. ആളും ആരവവുമില്ല. തെരഞ്ഞെടുപ്പ് കാലമാണെന്ന തോന്നല്‍ പോലും ഇവിടം കണ്ടാല്‍ ഉണ്ടാകില്ല. കമാൻഡോ സുരക്ഷയില്‍ പരിചാരകര്‍ക്കൊപ്പം ബഹന്‍ജി ഇവിടെ കഴിയുന്നു. ആരേയും കാണാന്‍ താല്‍പര്യപ്പെടുന്നില്ല. 89 ല്‍ മായാവതിയെ ആദ്യമായി ലോക്സഭയിലേക്കെത്തിച്ച ബിജ്നോര്‍ അടക്കം ചില മണ്ഡലങ്ങളില്‍ മാത്രമാണ് ഇക്കുറി അവര്‍ പര്യടനം നടത്തിയത്. പ്രവൃത്തിയാണ് വലുത് വാചകമടിയല്ലെന്ന് വാചാലയാകുന്ന മായാവതി ഈ തെരഞ്ഞെടുപ്പില്‍ പ്രകടന പത്രികയും പുറത്തിറക്കിയിട്ടില്ല. സജീവമാകേണ്ട നാളുകളില്‍ മായാവതിയെ കാണാനേയില്ലെന്ന് വോട്ടര്‍മാര്‍ പറയുന്നു.
ദളിത് രാഷ്ട്രീയത്തിന്‍റെ മുഖവും വക്താവുമൊക്കെയായിരുന്ന മായാവതി സജീവമല്ലാതായതോടെ ഉത്തര്‍പ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ പ്രഭ മങ്ങി. നൂറ് കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയ പ്രതിമ നിര്‍മ്മാണ അഴിമതി ഏത് നിമിഷവും മായാവതിയെ പൂട്ടാവുന്ന ആയുധമാക്കി വച്ചിരിക്കുകയാണ് ബിജെപി. ആ വാള് തലക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്നതിനാല്‍ യോഗിക്കോ മോദിക്കോ എതിരെ വലിയ വിമര്‍ശനത്തിനോ പോരാട്ടത്തിനോ മായാവതി മുതിരുന്നില്ല.
പല മണ്ഡലങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികളുടെ വോട്ട് വിഘടിപ്പിക്കുന്ന റോളാണ് ഇപ്പോള്‍ ബിഎസ്പിക്കുള്ളത്. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ പോലും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ നിറുത്തി വോട്ട് വിഭജിക്കുന്നു എന്ന ആരോപണം ബിഎസ്പി നേരിടുന്നു. ഇന്ത്യ സഖ്യത്തിനൊപ്പവും മായാവതിയില്ല. അനന്തരാവകാശിയെ പ്രഖ്യാപിച്ച് പാര്‍ട്ടിയെ സജീവമാക്കാന്‍ ശ്രമം നടന്നെങ്കിലും, ആകാശ് ആനന്ദിനെയും ആ പദവിയിലിരിക്കാന്‍ മായാവതി സമ്മതിച്ചില്ല. ബിജെപിക്കെതിരെ നടത്തിയ വിമര്‍ശനത്തിന്‍റെ പേരിലാണ് നടപടിയെന്ന് ആരോപണമുണ്ട്. എല്ലാത്തിനും സാക്ഷിയായി മായാവതിയുടെയും ബിഎസ്പി സ്ഥാപകന്‍ കാന്‍ഷിറാമിന്‍റെയും പാര്‍ട്ടി ചിഹ്നമായ ആനയുടെയും പ്രതിമകള്‍ നിലകൊള്ളുന്നു.
സിഎഎ നടപ്പാക്കിയത് സുപ്രീംകോടതിയിൽ ഉന്നയിക്കാൻ ഹർജിക്കാർ; തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam