'കശ്മീരിന് ഉടന്‍ സ്വാതന്ത്ര്യം ലഭിക്കും'; പുല്‍വാമ ഭീകരാക്രമണത്തിന് മുമ്പ് ജയ്ഷെ തലവന്‍ പറഞ്ഞത്

Published : Mar 05, 2019, 09:10 AM ISTUpdated : Mar 05, 2019, 09:28 AM IST
'കശ്മീരിന് ഉടന്‍ സ്വാതന്ത്ര്യം ലഭിക്കും'; പുല്‍വാമ ഭീകരാക്രമണത്തിന് മുമ്പ് ജയ്ഷെ തലവന്‍ പറഞ്ഞത്

Synopsis

ഫെബ്രുവരി 14ന് പുല്‍വാമയില്‍ ഭീകരാക്രമണം നടത്തുന്നതിന് ഏകദേശം 10 ദിവസം മുമ്പാണ് മസൂദ് അസര്‍ കശ്മീരിനെ കുറിച്ച് തന്‍റെ സംഘാംഗങ്ങളോട് വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്

ദില്ലി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തിന് മുമ്പ് ജയ്ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ സംഘാംഗങ്ങളുമായി സംസാരിക്കുന്നതിന്‍റെ ശബ്ദരേഖ പുറത്ത്. കശ്മീര്‍ ഇല്ലാതെ പാകിസ്ഥാന്‍ പൂര്‍ണമാകില്ലെന്നാണ് തന്‍റെ കേഡറ്റുകളോട് ജയ്ഷെ തലവന്‍ മസൂസ് അസര്‍ പറഞ്ഞത്.

പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് ഇന്ത്യ പാകിസ്ഥാന് കെെമാറിയ തെളിവുകളില്‍ സുപ്രധാനമായതാണ് ഈ ശബ്ദരേഖയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിൽ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ്  ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഫെബ്രുവരി 14ന് പുല്‍വാമയില്‍ ഭീകരാക്രമണം നടത്തുന്നതിന് ഏകദേശം 10 ദിവസം മുമ്പാണ് മസൂദ് അസര്‍ കശ്മീരിനെ കുറിച്ച് തന്‍റെ സംഘാംഗങ്ങളോട് വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരര്‍ക്ക് ആദരമര്‍പ്പിച്ച മസൂദ് ഉടന്‍ കശ്മീര്‍ സ്വതന്ത്രമാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ ഇന്ത്യയിലെ മുസ്ലിമുകള്‍ക്കും സ്വാതന്ത്ര്യം ലഭിക്കുമെന്ന് ശബ്ദ സന്ദേശത്തില്‍ പറയുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരി അഞ്ചിനാണ് മസൂദ് അസര്‍ കശ്മീര്‍ സംബന്ധിച്ച് കേഡറ്റുകളെ കണ്ടതെന്നാണ് വിവരം. അഫ്ഗാനില്‍ യുഎസ് എന്നത് പോലെയാണ് കശ്മീരില്‍ ഇന്ത്യ. അഫ്ഗാനിസ്ഥാനില്‍ ചര്‍ച്ച ചെയ്യാന്‍ അമേരിക്ക എത്തി. അതുപോലെ അടുത്ത കശ്മീര്‍ ഐക്യദിനത്തില്‍ ഇന്ത്യയും കശ്മീരിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിര്‍ബന്ധിതരാകും.

കശ്മീരിലെ എല്ലാ മുസ്ലിമുകളും ഒന്നിച്ച് ഇന്ത്യക്കെതിരെ നിന്നാല്‍ ഒരുമാസത്തിനുള്ളില്‍ വിജയം നേടിയെടുക്കാനാകുമെന്നും മസൂദ് അസര്‍ പറഞ്ഞു. ജയ്ഷെ മുഹമ്മദിന് രാജ്യാന്തര വിലക്ക് ഏര്‍പ്പെടുത്താന്‍ യുഎന്നില്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തുന്നുണ്ട്. കൂടാതെ മസൂദ് പാകിസ്ഥാനിലുണ്ടെന്നും ആരോഗ്യം വളരെ മോശമാണെന്നുമുള്ള പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന പുറത്ത് വന്ന സാഹചര്യത്തിലാണ് ഈ തെളിവുകള്‍ ഇന്ത്യ സമര്‍പ്പിച്ചിരിക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് ശബ്ദസന്ദേശത്തില്‍ കൃത്യമായി ഒന്നും പറയുന്നില്ലെങ്കിലും കശ്മീരില്‍ വലിയ ഒരു ആക്രമണം നടത്താനുള്ള ആഹ്വാനമാണ് മസൂദ് നടത്തിയതെന്നാണ് ഇന്ത്യ വെളിപ്പെടുത്തുന്നത്. ബാലക്കോട്ടിലെ ജയ്ഷെ ക്യാമ്പില്‍ പ്രത്യേക പരിശീലനം ലഭിച്ച 40 തീവ്രവാദകളെ കുറിച്ചും ഇന്ത്യക്ക് വിവരം ലഭിച്ചിട്ടുണ്ട്.

പാകിസ്ഥാനിലെ എട്ട് ജില്ലകളില്‍ നിന്നായി 17 മുതല്‍ 23 വയസ് വരെ പ്രായമുള്ള 40 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി ഫെബ്രുവരി 26ന് നിയന്ത്രണ രേഖ കടന്ന് ഇന്ത്യ ബാലക്കോട്ടിലെ ഭീകരതാവളങ്ങള്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫോൺ ഉപയോ​ഗം വീടിനുള്ളിൽ മതി, ക്യാമറയുള്ള മൊബൈൽ ഫോണുകൾക്ക് വിലക്കുമായി രാജസ്ഥാൻ
യുപി സർക്കാരിന്‍റെ നീക്കത്തിന് കോടതിയുടെ പ്രഹരം, അഖ്‍ലഖിനെ ആൾക്കൂട്ടം മർദ്ദിച്ചുക്കൊന്ന കേസിൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള അപേക്ഷ തള്ളി