
ഡെറാഡൂൺ: ഡെറാഡൂണിൽ വംശീയ ആക്രമണത്തിന് ഇരയായ ത്രിപുര യുവാവ് മരിച്ചു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. തനിക്കും ഇളയ സഹോദരനും നേരെ വംശീയ അധിക്ഷേപം നടത്തിയ ഒരു കൂട്ടം ആളുകളെ നേരിട്ട 24 കാരനായ എംബിഎ വിദ്യാർഥി ആഞ്ചൽ ചക്മ ക്രൂരമായ ആക്രമണത്തിനിരയായത്. 14 ദിവസത്തിലേറെയായി ജീവനുവേണ്ടി പോരാടിയ ശേഷം വെള്ളിയാഴ്ച ഡെറാഡൂണിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഡിസംബർ ഒമ്പതിനാണ് ആഞ്ചൽ ചക്മക്ക് ആക്രമണമേറ്റത്. ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്. അത് തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റ് കാണിക്കണമെന്ന് ആഞ്ചൽ ചക്മ പറഞ്ഞതിനെ തുടർന്നാണ് കുത്തേറ്റത്. ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്.
സെലാകി പ്രദേശത്തെ പ്രാദേശിക മാർക്കറ്റിലേക്ക് പലചരക്ക് സാധനങ്ങൾ വാങ്ങാൻ സഹോദരനൊപ്പം എത്തിയപ്പോഴാണ് ആക്രമണത്തിനിരയായത്. ഒരു വർഷത്തിലേറെയായി ഡെറാഡൂണിൽ വിദ്യാർത്ഥികളായിരുന്ന ആഞ്ചലിനെയും സഹോദരൻ മൈക്കിളിനെയും ഒരു കൂട്ടം ആളുകൾ തടഞ്ഞുനിർത്തി അപമാനിച്ചപ്പോഴാണ് ആഞ്ചൽ പ്രതികരിച്ചത്. പ്രതികൾ ഒളിവിലാണ്. രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനായില്ല.
ആഞ്ചലിന്റെ കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. മൈക്കിളിനും പരിക്കേറ്റിട്ടുണ്ട്, ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ശനിയാഴ്ച അഞ്ജലിന്റെ മൃതദേഹം അഗർത്തലയിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടർന്ന് ത്രിപുരയിലും പ്രതിഷേധം ആളിക്കത്തി. വംശീയ വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ ദേശീയ നിയമം വേണമെന്ന് ആവശ്യപ്പെട്ട് വടക്കുകിഴക്കൻ മേഖലയിലെ കോളേജുകളിൽ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഡെറാഡൂണിലും വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി. ആദ്യം, ബിഎൻഎസ് സെക്ഷൻ 115(2) (സ്വമേധയാ പരിക്കേൽപ്പിക്കൽ), 118 (അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് സ്വമേധയാ പരിക്കേൽപ്പിക്കൽ), 351(3) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ ഫയൽ ചെയ്തത്. ഡോക്ടർമാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ഡിസംബർ 14 ന്, 109 (കൊലപാതകശ്രമം), 61 (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam