
കോർബ: :ഛത്തീസ്ഗഡിൽ എംബിബിഎസ് വിദ്യാർത്ഥി ജീവനൊടുക്കി. കോർബ ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി ഹിമാൻഷു കശ്യപിനെ(24)യാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പരീക്ഷയ്ക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപാഠികൾ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിൽ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി.
'എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല, ക്ഷമിക്കണം, പപ്പാ', എന്നാണ് ഹിമാൻഷു കശ്യപിൻ്റെ അവസാനത്തെ കുറിപ്പിൽ ഉണ്ടായിരുന്നത്. യുവാവിൻ്റെ മരണം ആത്മഹത്യയെന്ന് സിറ്റി പോലീസ് സൂപ്രണ്ട് ഭൂഷൺ എക്ക സ്ഥിരീകരിച്ചു. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നതും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതുമാണ് ഈ സ്ഥിരീകരണത്തിലേക്ക് എത്താൻ കാരണം. മുറിക്ക് പുറത്ത് നിന്ന് ആവർത്തിച്ച് വിളിച്ചിട്ടും ഹിമാൻഷു മുറി തുറക്കാതെ വന്നതോടെ സഹപാഠികൾ വാതിൽ ചവിട്ടി പൊളിച്ചാണ് അകത്ത് കടന്നത്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 2024 ലെ ഒന്നാം വർഷ പരീക്ഷയിൽ ഹിമാൻഷു പരാജയപ്പെട്ടിരുന്നു. ഈ വർഷം വീണ്ടും പരീക്ഷയ്ക്ക് ഹാജരാകാൻ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പ്രതീക്ഷിച്ച നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാത്തതിൻ്റെ മാനസിക സമ്മർദമാവാം യുവാവിനെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് കരുതുന്നതായി മെഡിക്കൽ കോളേജ് ഡീൻ ഡോ.കെ.കെ. ഹസാരെ പ്രതികരിച്ചു.