
ദില്ലി: ജോലി തേടി പോയ ഇന്ത്യാക്കാര്‍ റഷ്യയിലെ യുദ്ധമേഖലയിൽ കുടുങ്ങിയെന്ന് സ്ഥിരീകരണം. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇവരുടെ മോചനത്തിനായി ഇടപെടുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യാക്കാരെ വാഗ്നർ സേനയിൽ ചേരാൻ നിർബന്ധിക്കുന്നതായും വിദേശകാര്യ മന്ത്രാലയത്തിന് വിവരം ലഭിച്ചു. 12 ഇന്ത്യക്കാരാണ് റഷ്യയിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
റഷ്യയിൽ സെക്യൂരിറ്റി ജോലിക്ക് വന്നതാണെന്നും യുദ്ധത്തിൽ പങ്കെടുക്കാനല്ല വന്നതെന്നും എങ്ങനെയെങ്കിലും രക്ഷിച്ച് തിരിച്ചെത്തിക്കണമെന്നുമാണ് ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അഫ്സാൻ പുറത്തുവിട്ട വീഡിയോ ദൃശ്യത്തിൽ പറഞ്ഞത്. ഇത് പോലെ 11 യുവാക്കൾ കൂടി ഹാർകീവ്, ഡോണെട്സ്ക് എന്നിങ്ങനെ പല മേഖലകളിലായി കുടുങ്ങി. തെലങ്കാനയിൽ നിന്നും കശ്മീരിൽ നിന്നും രണ്ട് പേരും, കർണാടകയിൽ നിന്ന് മൂന്ന് പേരും, ഗുജറാത്തിൽ നിന്നും യുപിയിൽ നിന്നും ഓരോ ആൾ വീതവും കുടുങ്ങിക്കിടക്കുന്നു എന്നാണ് വിവരം.
സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെക്കുറിച്ച് വിവരമില്ലെന്ന് ഇവർ പറയുന്നു. ഇവരിലൊരാൾ കൊല്ലപ്പെട്ടിരിക്കാമെന്ന് സൂചനയുണ്ട്. അതിലും സ്ഥിരീകരണമില്ല. ബാബാ ബ്ലോഗ്സ് എന്ന പേരിൽ യൂട്യൂബിൽ വ്ളോഗ് ചെയ്യുന്ന ഫൈസൽ ഖാൻ വഴിയാണ് ഇവർ ജോലിക്ക് അപേക്ഷിച്ചത്. മുംബൈ സ്വദേശികളായ സൂഫിയാൻ, പൂജ എന്നിവരാണ് ഇടനില നിന്നത്. റഷ്യയിലെത്തിയ ഇവർക്ക് കിട്ടിയത് ആയുധ പരിശീലനമാണ്. പിന്നാലെ യുദ്ധമുഖത്തേക്ക് പോകാൻ നിർദേശം കിട്ടി. ഇതോടെയാണ് ഇവർ നാട്ടിലേക്ക് സന്ദേശമയച്ചത്. സർക്കാർ ഉടനടി ഇടപെടണമെന്ന് കാട്ടി ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്.
അനിശ്ചിതമായി നീളുന്ന യുക്രൈൻ യുദ്ധത്തിന് സൈനികരില്ലാതെ പൊറുതിമുട്ടുകയാണ് റഷ്യ. ഉടമയായ യവ്ജെനി പ്രിഗോഴിൻ കൊല്ലപ്പെട്ടതോടെ വാഗ്നർ ഗ്രൂപ്പ് നിലവിൽ പുടിന്‍റെ നിയന്ത്രണത്തിലാണ്. യുദ്ധത്തിനായി ലോകമെമ്പാടും നിന്ന് ആളുകളെ കൂലിപ്പട്ടാളത്തിലേക്ക് ഇറക്കുമതി ചെയ്യുകയാണ് പുടിനെന്ന ആരോപണം ഉയരുകയാണ്. അപ്പോഴാണ് പരാതിയുമായി ഇന്ത്യൻ യുവാക്കളും രംഗത്തെത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam