സെമിനാറിൽ പങ്കെടുക്കാൻ പാകിസ്താനിൽ പോകാൻ അനുമതി തേടി ആർജെഡി എംപി; ഒറ്റവരിയിൽ അനുമതി നിഷേധിച്ച് കേന്ദ്രം

By Web TeamFirst Published Oct 4, 2022, 1:33 PM IST
Highlights

അനുമതി നിഷേധിച്ചത് നിർഭാഗ്യകരമാണെന്നും അസ്മ ജഹാംഗീറിനോടുള്ള ബഹുമാനം കൊണ്ടാണ് സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിച്ചതെന്നും മനോജ് ഝാ മാധ്യമങ്ങളോട് പറഞ്ഞു. 

ദില്ലി: സെമിനാറിൽ പങ്കെടുക്കുന്നതിനായി പാകിസ്താനിൽ പോകാനുള്ള ആർജെഡി എംപി മനോജ് ഝായുടെ അപേക്ഷ തള്ളി വിദേശകാര്യമന്ത്രാലയം. ഒക്‌ടോബർ 22, 23 തീയതികളിൽ പാകിസ്താനിൽ നടക്കുന്ന നാലാമത് അസ്മ ജഹാംഗീർ കോൺഫറൻസിൽ 'ജനാധിപത്യ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികളുടെ പങ്ക്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നതിനാണ് ആർജെഡി എംപി മനോജ് കെ ഝായെ ക്ഷണിച്ചത്. എന്നാൽ, വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയ അനുമതി നിഷേധിച്ചു. അസ്മ ജഹാംഗീർ ഫൗണ്ടേഷൻ, എജിഎച്ച്എസ് ലീഗൽ എയ്ഡ് സെൽ, പാകിസ്താൻ ബാർ കൗൺസിൽ, സുപ്രീം കോടതി ബാർ അസോസിയേഷൻ ഓഫ് പാകിസ്ഥാൻ എന്നിവയിൽ നിന്നാണ് മനോജ് ഝായ്ക്ക് സംയുക്ത ക്ഷണം ലഭിച്ചത്.  

വിദേശ രാജ്യങ്ങളിൽ ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ എം‌പിമാർ വിദേശകാര്യമന്ത്രാലയത്തിൽനിന്ന് രാഷ്ട്രീയ അനുമതി നിയമപ്രകാരം നേടണം. വിദേശ സംഭാവന (റെഗുലേഷൻ) ആക്റ്റ്, 2010 പ്രകാരം ക്ലിയറൻസും തേടണം. ഒറ്റവരി മറുപടിയിലാണ് മനോജ് ഝാക്കുള്ള അനുമതി നിഷേധിച്ചത്. താങ്കളുടെ അപേക്ഷ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം പരിശോധിച്ചെന്നും രാഷ്ട്രീയ അനുമതി നൽകാനാവില്ലെന്നും മാത്രമാണ് കത്തിൽ പറഞ്ഞത്. അനുമതി നിഷേധിച്ചത് നിർഭാഗ്യകരമാണെന്നും അസ്മ ജഹാംഗീറിനോടുള്ള ബഹുമാനം കൊണ്ടാണ് സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിച്ചതെന്നും മനോജ് ഝാ മാധ്യമങ്ങളോട് പറഞ്ഞു. 

നേരത്തെ സിംഗപ്പൂരില്‍ നടക്കുന്ന ആഗോള ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷയും ഏറെ വൈകിയാണ് പരി​ഗണിച്ചത്. സിംഗപ്പൂരില്‍ നടക്കുന്ന ലോക നഗര ഉച്ചകോടിയിൽ പങ്കെടുക്കാൻ അനുമതി തേടി ജൂൺ 7 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതാണ്. പത്ത് ദിവസം കഴിഞ്ഞിട്ടും അനുമതി ലഭിച്ചില്ലെന്ന് കെജ്രിവാള്‍ ആരോപിച്ചിരുന്നു. 'ദില്ലി മോഡൽ' ലോകത്തിന് മുന്നിൽ അവതരിപ്പാക്കാനിയ സിംഗപ്പൂർ യാത്രയ്ക്ക് അനുമതി നല്‍കണെമന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.  ജൂലൈ 31 മുതൽ ഓഗസ്റ്റ് 3 വരെയായിരുന്നു ആഗോള ഉച്ചകോടി. മുമ്പ് രാഹുൽ ​ഗാന്ധി ലണ്ടനിലെ പരിപാടിയിൽ പങ്കെടുത്ത് നടത്തിയ പരാമർശങ്ങൾക്കെതിരെ ബിജെപി രം​ഗത്തെത്തിയിരുന്നു. 

click me!