
ദില്ലി: പാക് പൗരന്മാർക്കുള്ള വീസ നിയന്ത്രണം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയിൽ ലോക്‌സഭയിൽ വിദേശകാര്യ നിലപാട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ സിന്ദൂറിനിടെ മോദിയും ട്രംപും തമ്മിൽ സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം മധ്യസ്ഥ ചർച്ചകൾ നടന്നിട്ടില്ലെന്ന് ആവർത്തിച്ചു.
ഏപ്രിൽ 22 നും ജൂൺ 17നുമിടയിൽ മോദിയും ട്രംപും തമ്മിൽ സംസാരിച്ചിട്ടില്ല. മെയ് 9 ന് യുഎസ് വൈസ്പ്രസിഡൻ്റ് ജെ ഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു. പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയിരിക്കുമെന്ന് മോദി അദ്ദേഹത്തോട് വ്യക്തമാക്കിയതാണ്. അതാണ് യാഥാർത്ഥ്യമായതെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
ഓപ്പറേഷൻ സിന്ദൂറിൽ എന്താണ് സംഭവിച്ചതെന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയിൽ ഇന്ത്യ ഈ വിഷയത്തിൽ ശക്തമായ നിലപാടാണ് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. 193 രാജ്യങ്ങളാണ് ഐക്യരാഷ്ട്ര സഭയിൽ അംഗങ്ങളായുള്ളത്. ഇതിൽ പാകിസ്ഥാനടക്കം വെറും മൂന്ന് രാജ്യങ്ങൾ മാത്രമാണ് ഓപ്പറേഷൻ സിന്ദൂറിനെ എതിർത്തത്.
പഹൽഗാം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ടിആർഎഫ് 2 തവണ ഏറ്റെടുത്തതാണ്. എന്നാൽ പാകിസ്ഥാൻ അത് നിഷേധിക്കുകയാണ് ചെയ്തത്. എന്നിട്ടും ഇന്ത്യ ടിആർഎഫിനെ ആഗോള തീവ്രവാദ ശക്തിയായി പ്രഖാപിച്ചു. പാകിസ്ഥാൻ്റെ ആണവായുധം ഉയർത്തിക്കാട്ടിയുള്ള ബ്ലാക്മെയ്‌ലിങിന് മുന്നിൽ തലകുനിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ബ്രിക്‌സ് ഉച്ചകോടിയിലും ക്വാഡ് ഉച്ചകോടിയിലും അതിർത്തി കടന്നുള്ള തീവ്രവാദ നീക്കങ്ങളെ അപലപിച്ച് പ്രസ്താവനകൾ ഇറക്കി. അമേരിക്കയിലായിരുന്ന തഹാവൂർ റാണയെ രാജ്യത്ത് എത്തിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ നിശ്ചയദാർഢ്യത്തിൻ്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
യുപിഎ കാലത്ത് ഐഎം എഫിൽ നിന്ന് നിരന്തരം പാകിസ്ഥാൻ പണം കൈപ്പറ്റിയിരുന്നു. പാകിസ്ഥാൻ സീരിയൽ ബോറോവർ (സ്ഥിരമായി കടംവാങ്ങുന്നവർ) എന്ന് മന്ത്രി പരിഹസിച്ചു. താൻ ചൈനയിൽ പോയത് രഹസ്യകരാറുകൾ ഒപ്പുവയ്ക്കാനല്ല. ചൈന സന്ദർശിച്ചത് സംഘർഷത്തിലെ പിന്മാറ്റം ചർച്ചചെയ്യാനാണ്. അതിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനാണെന്നും മന്ത്രി വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam