പൗരത്വ നിയമ ഭേദഗതി: അക്രമ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്ര നിര്‍ദേശം

By Web TeamFirst Published Dec 20, 2019, 10:27 PM IST
Highlights

അക്രമ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. അത് ഒരു തരത്തിലും അക്രമത്തിന് പ്രോത്സാഹനം ചെയ്യുന്നതാവരുതെന്ന് ഉറപ്പാക്കണം.

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ അക്രമ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്.

അക്രമ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. അത് ഒരു തരത്തിലും അക്രമത്തിന് പ്രോത്സാഹനം ചെയ്യുന്നതാവരുതെന്ന് ഉറപ്പാക്കണം. ദേശവിരുദ്ധമായ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതോ ആയ ദൃശ്യങ്ങള്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേശവിരുദ്ധമായ ഏതുതരത്തിലുള്ള ഉള്ളടക്കവും ലൈസന്‍സിങ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. ഇത് പാലിച്ചുകൊണ്ടുവേണം എല്ലാ സ്വകാര്യ ചാനലുകളും പ്രവര്‍ത്തിക്കേണ്ടതെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

click me!