ദില്ലിയില്‍ വീണ്ടും സംഘര്‍ഷം: മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനം

By Web TeamFirst Published Dec 20, 2019, 10:09 PM IST
Highlights

പൊലീസ് മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ പൊലീസ് തളളിമാറ്റി. മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കറിനും ക്യാമറാമാനും മര്‍ദ്ദനമേറ്റു.

ദില്ലി:  പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ദില്ലിയില്‍ വീണ്ടും സംഘര്‍ഷം. ജമാ മസ്ജിദില്‍ നിന്ന് പ്രകടനമായെത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. നിരവധി പേര്‍ക്ക് പരിക്കേറ്റു.  പൊലീസ് മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ പൊലീസ്മര്‍ദ്ദിച്ചു. മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടര്‍ അരുണ്‍ ശങ്കറിനും ക്യാമറാമാനും മര്‍ദ്ദനമേറ്റു. ജമാ മസ്ജ്ദിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ട നിരവധി സ്വകാര്യ വാഹനങ്ങള്‍ തകര്‍ന്നു. നൂറിലധികം പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജമാ മസ്ജിദില്‍ നിന്ന് പ്രകടനമായി പ്രതിഷേധക്കാര്‍ ജന്തര്‍മന്തര്‍ ലക്ഷ്യമാക്കി നീങ്ങിയത്. മാര്‍ച്ച് ദില്ലി ഗേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധം മൂന്ന് മണിക്കൂറോളം തുടര്‍ന്നു. വൈകീട്ട് അഞ്ചുമണിയോടെ നിസ്കാരവും കഴിഞ്ഞ് തിരിച്ചുപോയി. അരമണിക്കൂര്‍ കഴിഞ്ഞ് പിരിഞ്ഞുപോയതില്‍ ഒരു വിഭാഗം പൊലീസിനെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും രൂക്ഷമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് തിരിച്ചുവന്നു. ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അപ്പോഴേക്കും പ്രതിഷേക്കാര്‍ പൊലീസിന് നേരെ കല്ലേറ് തുടങ്ങിയിരുന്നു. 

ഇതിനിടെ ദില്ലി സെന്‍ട്രല്‍ ‍‍‍‍ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന്‍റെ മതിലിനുപുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് പ്രതിഷേധക്കാര്‍ തീയിട്ടു. ഇതോടെ അഞ്ഞൂറിലധികം വരുന്ന ദില്ലി പൊലീസും റാപിഡ് ആക്ഷന്‍ ഫോഴ്സും ബാരിക്കേഡ് തള്ളിമാറ്റിച്ചാടിക്കടന്ന് കണ്ണില്‍ക്കണ്ടവരെയെല്ലാം തല്ലിച്ചതക്കുകയായിരുന്നു. 

click me!