
ദില്ലി: ഡോക്ടർമാർക്ക് പ്രാക്ടീസ് ചെയ്യാൻ അവസാനവർഷ ദേശീയ പരീക്ഷയ്ക്ക് ശുപാർശയുള്ള മെഡിക്കൽ കമ്മീഷൻ ബിൽ ലോക്സഭ പാസ്സാക്കി. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അമ്പതു ശതമാനം സീറ്റുകളിലെ ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കുമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. ഇതേ പരീക്ഷയുടെ മാർക്കാവും എംഡി കോഴ്‍സിലേക്കുള്ള പ്രവേശനത്തിനും ആധാരം. ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ അടിസ്ഥാനത്തിലാവും എയിംസ് ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അമ്പത് ശതമാനം സീറ്റുകളിൽ ഫീസിന് കേന്ദ്രസർക്കാർ മാനദണ്ഡം നിശ്ചയിക്കും.
പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്‍പുകൾക്കും, മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ ഡോക്ടർമാരല്ലാത്ത വിദഗ്‍ധർക്കും നിയന്ത്രിത ലൈസൻസ് നൽകും. 25 അംഗ ദേശീയ മെഡിക്കൽ കമ്മീഷനാവും മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി.
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇല്ലാതാകും. പകരം മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകാൻ മെഡിക്കൽ കമ്മീഷനു കീഴിൽ സ്വതന്ത്ര ബോർഡുകൾ സ്ഥാപിക്കും. സംസ്ഥാനങ്ങൾ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ സ്ഥാപിക്കണം - എന്നിങ്ങനെ നീളുന്നു ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിലെ വ്യവസ്ഥകൾ.
എന്നാൽ ബില്ലിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മെഡിക്കൽ കോളേജുകളുടെ ഫീസുൾപ്പടെയുള്ള വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ അധികാരം കവരാനാണ് കേന്ദ്രശ്രമമെന്ന പ്രതിപക്ഷ ആരോപണം ആരോഗ്യമന്ത്രി തള്ളി. സംസ്ഥാനങ്ങളുടെ അധികാരം കവരാൻ കേന്ദ്രസർക്കാർ ശ്രമിക്കില്ലെന്നും, മെഡിക്കൽ കോളേജുകളുമായി സംസ്ഥാനങ്ങൾക്ക് ധാരണയിലെത്താനാകുമെന്നും ഹർഷവർദ്ധൻ പറഞ്ഞു.
ആയുഷ്, ഹോമിയോ ഡോക്ടർമാർക്ക് ബ്രിഡ്‍ജ് കോഴ്‍സ് പാസ്സായി അലോപ്പതി ചികിത്സ നടത്താം എന്ന വ്യവസ്ഥ പ്രക്ഷോഭത്തെ തുടർന്ന് പുതിയ ബില്ലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ല് നേരത്തേ ലോക്സഭ പാസ്സാക്കിയിരുന്നെങ്കിലും ലാപ്‍സായിരുന്നു. രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പാക്കാമെന്ന സാഹചര്യത്തിലാണ് മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നിർണ്ണായക മാറ്റങ്ങൾക്ക് വഴിവയ്ക്കുന്ന നിർദ്ദേശങ്ങൾ കൂടി സർക്കാർ ഉൾപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam