'ഡോക്ടറുടെ' യോഗ്യത പത്താം ക്ലാസ്, ഫീസ് -500, ദിവസം 80 രോഗികൾ; മൂന്ന് വർഷം ചികിത്സിച്ച വ്യാജനെ പിടികൂടി അധികൃതർ

Published : Jan 20, 2025, 03:20 PM IST
'ഡോക്ടറുടെ' യോഗ്യത പത്താം ക്ലാസ്, ഫീസ് -500, ദിവസം 80 രോഗികൾ; മൂന്ന് വർഷം ചികിത്സിച്ച വ്യാജനെ പിടികൂടി അധികൃതർ

Synopsis

രണ്ട് സ്ഥലങ്ങളിൽ ഇയാൾ ക്ലിനിക്ക് തുറന്ന് രോഗികളെ ചികിത്സിച്ചിരുന്നു എന്നാണ് കണ്ടെത്തിയത്. 

മുംബൈ: മെഡിക്കൽ വിദ്യാഭ്യാസമൊന്നുമില്ലാതെ വർഷങ്ങളോളം രോഗികളെ ചികിത്സിച്ച വ്യാജ ഡോക്ടർ മഹാരാഷ്ട്രയിൽ പിടിയിലായി. പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള യുവാവാണ് പ്രേമഹവും അസ്ഥി രോഗങ്ങളും ഉൾപ്പെടെ എല്ലാത്തരം രോഗങ്ങൾക്കും ചികിത്സ നൽകിയിരുന്നതെന്ന ഞെട്ടിക്കുന്ന കണ്ടെത്തലും അധികൃതർ നടത്തി. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലുള്ള പൻധർപൂരിലാണ് ദത്താത്രേയ സദാശിവ് പവാർ എന്ന യുവാവ് ക്ലിനിക്ക് നടത്തിയിരുന്നത്.

തനിക്ക് മെഡിക്കൽ രംഗത്ത് നാല് ദിവസത്തെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ചികിത്സിക്കാനുള്ള യോഗ്യത സംബന്ധിച്ച ചോദ്യത്തിന് വ്യാജ ഡോക്ടറുടെ മറുപടി. സത്താറയിൽ നിന്നാണത്രെ ഈ ട്രെയിനിങ് കിട്ടിയത്. ഓരോ രോഗിയിൽ നിന്നും 500 രൂപ വീതമാണ് ഫീസ് വാങ്ങിയിരുന്നത്. ദിവസവും 70 മുതൽ 80 വരെ രോഗികൾ ഇയാളുടെ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. സംശയം തോന്നിയ നാട്ടുകാരിൽ ചിലർ അധികൃതരെ വിവരം അറിയിച്ചതാണ് ആരോഗ്യ വകുപ്പിന്റെ റെയ്ഡിൽ കലാശിച്ചത്. 

പൊലീസിന്റെയും നഗരസഭ അധികൃതരുടെയും സഹായത്തോടെയായിരുന്നു റെയ്ഡ്. ഡോക്ടർക്ക് ചികിത്സിക്കാൻ യോഗ്യതയില്ലെന്ന് മാത്രമല്ല, ക്ലിനിക്കിന് പ്രവ‍ർത്തിക്കാൻ വേണ്ട ലൈസൻസും ഉണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്ന് വർഷമായി രണ്ട് സ്ഥലങ്ങളിൽ ഇയാൾ ചികിത്സ നടത്തിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവടെയൊക്കെ രോഗികളുടെ നല്ല തിരക്കുമുണ്ടായിരുന്നു. ഇവരുടെയൊക്കെ ആരോഗ്യ സ്ഥിതിയിലുള്ള ആശങ്കയും ഉയരുന്നുണ്ട്. ആരോഗ്യ വകുപ്പ് നടപടിക്ക് പിന്നാലെ പൊലീസും വ്യാജ ചികിത്സകനെതിരെ നടപടി സ്വീകരിച്ചു. ക്ലിനിക്ക് അടപ്പിച്ചിട്ടുണ്ട്. സമാനമായ മറ്റ് സംഭവങ്ങൾ ഉൾപ്പെടെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്