
കൊൽക്കത്ത: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയും വിധിച്ച് കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞു. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം. 17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നായിരുന്നു കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന്‍റെ പ്രതികരണം. പെണ്‍കുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. ഒരുമണിയോടെയാണ് പ്രതിയെ കോടതിയിലെത്തിച്ചത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞു എന്ന് ജഡ്ജിയുടെ പരാമർശത്തിൽ വീണ്ടും കുറ്റം നിഷേധിച്ചായിരുന്നു പ്രതി പ്രതികരിച്ചത്. തന്നെ കേസിൽ പെടുത്തിയതാണെന്ന് ആവർത്തിച്ച പ്രതി തന്നെ ഉപദ്രവിച്ചു എന്നും കോടതിയോട് പറഞ്ഞു. തന്നെ പൊലീസ് ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും പ്രതി കോടതിയെ അറിയിച്ചു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുക എന്ന് കോടതി ചൂണ്ടിക്കാട്ടി. അപൂർവങ്ങൾ അപൂർവം ആയ കേസ് എന്നായിരുന്നു സിബിഐ അഭിഭാഷകന്‍റെ വാദം. സമൂഹത്തിന് മുതൽക്കൂട്ട് ആവേണ്ട ഡോക്ടറെയാണ് പ്രതി കൊലപ്പെടുത്തിയത്. രാജ്യത്ത് തന്നെ ഞെട്ടിച്ച കേസുകളിൽ ഒന്നാണിത്. പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്നും വധശിക്ഷ നൽകിയാൽ മാത്രമേ സമൂഹത്തിന് ഇക്കാര്യത്തിൽ വിശ്വാസ്യത ഉണ്ടാകൂ എന്ന് സിബിഐ ചൂണ്ടിക്കാട്ടി.
അതേ സമയം, വധശിക്ഷ നൽകരുതെന്നാണ് പ്രതിഭാഗം വാദിച്ചത്. പ്രതിക്ക് മാനസാന്തരത്തിന് സമയം നൽകണം. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും പ്രതിഭാഗം വാദിച്ചു. തനിക്ക് മാറാനാകില്ല എന്നതിന് തെളിവില്ല. വധശിക്ഷയല്ലാതെ മറ്റ് ശിക്ഷകൾ പരിഗണിക്കണമെന്നും പ്രതി പറഞ്ഞു. വധശിക്ഷ നൽകണമെന്ന് ഡോക്ടറുടെ കുടുംബത്തിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് നിരീക്ഷിച്ചാണ് കോടതി പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam