
ദില്ലി: രാജ്യത്തെ വിവിധ സുരക്ഷ ഓപ്പറേഷനുകളില്‍ പങ്കെടുക്കുന്ന നായകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ 68-മത് മന്‍ കീ ബാത്ത് പരിപാടിയില്‍ പരാമര്‍ശിച്ചു. ഇന്ത്യന്‍ സൈന്യത്തിലെ നായകളായ വിദ, സോഫി എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു.
സ്വതന്ത്ര്യദിനത്തില്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫിന്‍റെ കമാന്‍റേഷന്‍ കാര്‍ഡ് ബഹുമതി നേടിയ നായകളാണ് ലാബ്രഡോര്‍ വിഭാഗത്തില്‍ പെടുന്ന വിദയും, കോക്കര്‍ സ്പാനിയല്‍ വിഭാഗത്തില്‍പ്പെടുന്ന സോഫിയും.
വിദ സൈന്യത്തിന്‍റെ നോര്‍ത്ത് കമാന്‍റിലാണ് സേവനം അനുഷ്ഠിക്കുന്നത്. അടുത്തിടെ അഞ്ച് കുഴിബോംബുകള്‍ കണ്ടെത്തുകയും, ഒരു കുഴിച്ചിട്ട ഗ്രനേഡ് കണ്ടെത്തുകയും ചെയ്തു. ഇതിലൂടെ വലിയ ആപത്തില്‍ നിന്നും ഈ നായ സ്വന്തം ട്രൂപ്പിനെ രക്ഷിച്ചു.
ഇത് പോലെ തന്നെ സ്ഫോടക വസ്തുക്കള്‍ മണത്തുകണ്ടുപിടിക്കാന്‍ ശേഷിയുള്ള സോഫി നിരവധി സംഭവങ്ങളില്‍ ആളപായം ഇല്ലാതെ സൈന്യത്തെയും ജനങ്ങളെയും കാത്തിട്ടുണ്ട്.
ഇവരുടെ സേവനം വാഴ്ത്തിയ പ്രധാനമന്ത്രി ഈ നായകള്‍ അവരുടെ ദൌത്യം നല്ല രീതിയില്‍ നിര്‍വഹിക്കുന്നു എന്ന് പറഞ്ഞു. ഒപ്പം ജനങ്ങള്‍ നായകളെ വളര്‍ത്തുമ്പോള്‍ പ്രദേശിക ഇനങ്ങളെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തൂ.
ആര്‍മിയിലെ നായകള്‍ ശരിക്കും നിശബ്ദരായ പോരാളികളാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇവ സുരക്ഷ സേനയ്ക്കും രാജ്യത്തിന്‍റെ വിലമതിക്കാനാവാത്ത സ്വത്താണ് എന്നും വിശേഷിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam