കൊവിഡ് വ്യാപനത്തിൽ ഇന്ത്യയുടെ സ്ഥിതി ഭേദമെന്ന് മോദി: മുഖ്യമന്ത്രിമാരുമായുള്ള നിര്‍ണായക ചർച്ച

By Web TeamFirst Published Jun 16, 2020, 4:56 PM IST
Highlights

അൺലോക്കിന്‍റെ ആദ്യഘട്ടത്തിൽ 50 ശതമാനത്തിലധികം പേർ രോഗമുക്തി നേടിയെന്നത് ആശ്വാസമാണ്. കൊവിഡ് കാരണം ജനങ്ങളുടെ ജീവൻ നഷ്ടമാകാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ദില്ലി: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു. കൊവിഡ് വ്യാപനത്തിൻ്റെ കാര്യത്തിൽ രാജ്യത്തെ സ്ഥിതി ഏറെ ഭേദമാണെന്ന് ചർച്ചകൾക്ക് തുടക്കം കുറിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അൺലോക്കിൻ്റെ ആദ്യഘട്ടത്തിൽ തന്നെ അൻപത് ശതമാനത്തിലധികം പേ‍ർക്ക് രോ​ഗമുക്തിയുണ്ടായി എന്നത് ഏറെ ആശ്വസകരമാണെന്നും മോദി ചൂണ്ടിക്കാട്ടി. 

പ്രധാനമന്ത്രിയുടെ വാക്കുകൾ - 

ഇന്ത്യയിൽ സ്ഥിതി ഏറെ ഭേദമാണ്. അൺലോക്കിന്‍റെ ആദ്യഘട്ടത്തിൽ 50 ശതമാനത്തിലധികം പേർ രോഗമുക്തി നേടിയെന്നത് ആശ്വാസമാണ്. കൊവിഡ് കാരണം ജനങ്ങളുടെ ജീവൻ നഷ്ടമാകാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കൊവിഡ് മൂലമുണ്ടായ മരണങ്ങൾ ഏറെ വേദനാജനകമാണ്. കൊവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കാനാണ് കേന്ദ്രസർക്കാരിന്‍റെ ശ്രമം. 

ലോക്ക്ഡൗണിന്‍റെ കാര്യത്തിലും അൺലോക്കിലും കൃത്യമായ സമയബന്ധിതമായ തീരുമാനമാണ് കേന്ദ്രസർക്കാർ എടുത്തത്. നിരവധി ഇന്ത്യക്കാർ നിലവിൽ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നുണ്ട്. കൊവിഡിനെ തടയാൻ ഇനിയും ജാഗ്രത കൂട്ടണം. എത്രത്തോളം രോഗവ്യാപനം തടയാൻ കഴിയുന്നോ അത്രത്തോളം നമ്മുടെ സാമ്പത്തിക വ്യവസ്ഥ തുറക്കാനാകും. പ്രായമായവർ, കുട്ടികൾ തുടങ്ങിയവർക്ക് രോഗബാധ വരാതെ സൂക്ഷിക്കണം. 

കൊവിഡിനെതിരായ പോരാട്ടത്തിൽ മാസ്ക് നിർബന്ധമാണ്. കൈക‌ൾ ശുചിയായി സൂക്ഷിക്കണം. ജാഗ്രതയിലെ ഒരു ചെറിയ പിഴവ് മതി കൊവിഡിലെ യുദ്ധം തോൽക്കാൻ. നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാൽ കൊവിഡിനെ നമ്മൾ അതിജീവിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അൺലോക്കിം​ഗ് തുടങ്ങി രണ്ടാഴ്ച പിന്നിട്ടു. സമയോചിതമായ തീരുമാനങ്ങളാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കുന്നതിൽ നി‍ർണായകം. ഭാവിയിൽ നമ്മുക്ക് മാതൃകയാവുക ഇത്തരം നി‍ർണായക സന്ദ‍ർഭങ്ങളിലെടുത്ത തീരുമാനമാണ്. അൺലോക്ക് ആദ്യഘട്ടം താഴെത്തട്ടിൽ എങ്ങനെ പ്രതിഫലിച്ചു എന്ന് എനിക്ക് നിങ്ങളിൽ നിന്നറിയണം. നിങ്ങളുടെ അനുഭവങ്ങളും നി‍ർദേശങ്ങളും പരി​ഗണിച്ചു വേണം സ‍ർക്കാരിന് മുന്നോട്ട് നീങ്ങാൻ... 

കൊവിഡ് വ്യാപനത്തെ തുട‍ർന്ന് ഇതിനോടകം പലവട്ടം പ്രധാമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു. ഇപ്പോൾ ഒരു മാസത്തിന് ശേഷമാണ് വീണ്ടും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിക്കുന്നത്. ഇക്കുറി രണ്ട് ദിവസങ്ങളിലായാണ് യോ​ഗം നടക്കുന്നത്. ഇന്ന് ഏഴ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും നാളെ ആറ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും സംസാരിക്കും. 

രോ​ഗം ​ഗുരുതരമായ സംസ്ഥാനങ്ങൾക്കാണ് സംസാരിക്കാൻ അവസരം കൊടുക്കന്നത് എന്നാണ് കേന്ദ്രസ‍ർക്കാ‍ർ നൽകുന്ന വിശദീകരണം. ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിച്ച സാഹചര്യം യോ​ഗം വിലയിരുത്തും. ലോക്ക് ഡൗണിൽ കൂടുതൽ ഇളവിനുള്ള സാധ്യതകളും യോ​ഗം പരിശോധിക്കും. കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആശുപത്രികളുടെ സൗകര്യം കൂട്ടുന്നത് അടക്കമുള്ള സാധ്യതകളും സ‍ർക്കാർ പരിശോധിക്കുന്നുണ്ട്. 

click me!