
ഗുവാഹത്തി: മേഘാലയയിൽ സർക്കാർ ആശുപത്രിയിലെ ടോയ്‌ലറ്റിൽ കുഞ്ഞിന് ജന്മം നൽകി യുവതി. പ്രസവിച്ച് നിമിഷങ്ങൾക്കകം കുഞ്ഞ് മരിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്നാണ് നവജാത ശിശു മരിച്ചതെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. മേഘാലയയിലെ റി-ഭോയ് ജില്ലയിൽ സിവിൽ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ആണ് യുവതി പ്രസവിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
ശനിയാഴ്ച പുലർച്ചയോടെയാണ് ഉംഡെൻ ദിവോണ നിവാസിയായ മൊണാലിസ ലാംഗി എന്ന യുവതിയെ പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. ആദ്യം ഉംഡെൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കെത്തിച്ച യുവതിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ സിവിൽ ആശുപത്രിയിലെത്തിച്ച യുവതിക്ക് ആശുപത്രി അധികൃതർ പ്രാഥമിക വൈദ്യ സഹായം നൽകി.
വൈകുന്നേരത്തോടെ യുവതിക്ക് വീണ്ടും കഠിനമായ പ്രസവവേദന അനുഭവപ്പെട്ടു. തുടർന്ന് വേദന ഒഴിവാക്കാനുള്ള ഗുളിക ആശുപത്രിയിൽ നിന്നും നൽകിയതായി ഭർത്താവ് റിച്ചാർഡ് റിംപൈറ്റ് പറഞ്ഞു. പക്ഷേ യുവതിക്ക് വേദന മാറിയില്ല. വൈകുന്നേരം ആറ് മണിയോടെ ടോയ്‌ലറ്റിൽ പോയ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ടോയ്‍ലറ്റിനുള്ളിൽ വെച്ച് കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു. ആശുപത്രി അധികൃതകരുടെ അനാസ്ഥയിലാണ് കുഞ്ഞ് മരിച്ചതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ ഇതുവരെ യാതൊരു നടപടിയുമെടുത്തിട്ടിവല്ലെന്നും അവർ പറഞ്ഞു.
Read More : ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ എസ്ഐക്ക് നേരെ അമ്പെയ്തു, തലയോട്ടി തുളച്ച് കയറി; ഗുരുതര പരിക്കേറ്റു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam